പാരിസ്: ഫ്രാന്‍സിലെ മുന്‍ കായികമന്ത്രിക്കെതിരെ നഷ്ടപരിഹാര കേസുമായി ടെന്നീസ് താരം റാഫേല്‍ നഡാല്‍. ഉത്തേജക പരിശോധന ഒഴിവാക്കാനായി നഡാല്‍ പരിക്ക് അഭിനയിച്ചു എന്ന പ്രസ്താവനയാണ് കായികമന്ത്രി റോസ്‌ലിന്‍ ബാച്ച്‌ലെറ്റിനെ വെട്ടിലാക്കിയത്. നഡാലിന് അനുകൂലമായി വിധി വന്നാല്‍ ഏകദേശം 76 ലക്ഷം രൂപ മന്ത്രി സ്പാനിഷ് താരത്തിന് നല്‍കേണ്ടി വരും. 

2012 സീസണില്‍ അവസാന ആറു മാസം പരിക്കിനെ തുടര്‍ന്ന് നഡാല്‍ കോര്‍ട്ടില്‍ നിന്ന് വിട്ടിനുന്നിരുന്നു. ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതിനാല്‍ നഡാല്‍ പരിക്ക് അഭിനയിക്കുകയായിരുന്നുവെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഒരു ടെലിവിഷന്‍ പരിപാടിക്കിടെയായിരുന്നു ഫ്രഞ്ച് മന്ത്രിയുടെ പ്രസ്താവന. 

2007 മുതല്‍ 2010 വരെ ഫ്രാന്‍സിലെ കായിക മന്ത്രിയായിരുന്നു റോസ്‌ലിന്‍ ബാച്ച്‌ലെറ്റ്. 16 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള നഡാല്‍ ഒരിക്കല്‍ പോലും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടിട്ടില്ല.