ബാര്‍സലോണ: ബാഴ്‌സലോണ ഓപ്പണ്‍ ടെന്നീസ് കിരീടം സ്വന്തമാക്കി സ്‌പെയ്‌നിന്റെ ഇതിഹാസ താരം റാഫേല്‍ നദാല്‍. ഫൈനലില്‍ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ കീഴടക്കിയാണ് താരം കിരീടം നേടിയത്.

മൂന്ന് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് നദാലിന്റെ വിജയം. സ്‌കോര്‍: 6-4, 6-7, 7-5. ആദ്യ സെറ്റ് അനായാസം നേടിയ നദാലിനെ രണ്ടാം സെറ്റില്‍ ടൈബ്രേക്കറിലൂടെ സിറ്റ്‌സിപാസ് കീഴടക്കി. എന്നാല്‍ മൂന്നാം സെറ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച നദാല്‍ സെറ്റും കിരീടവും നേടി. കളിമണ്‍ കോര്‍ട്ടിലെ നദാലിന്റെ 61-ാം കിരീമാണിത്.

എ.ടി.പി ടെന്നീസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരങ്ങളിലൊന്നായിരുന്നു ഇത്. മത്സരം മൂന്ന് മണിക്കൂറും 38 മിനിട്ടും നീണ്ടു. 

നദാലിന്റെ കരിയറിലെ 12-ാം ബാഴ്‌സലോണ ഓപ്പണ്‍ ടെന്നീസ് കിരീടമാണിത്. കഴിഞ്ഞ വര്‍ഷം കോവിഡ് മൂലം ടൂര്‍ണമെന്റ് നടന്നിരുന്നില്ല. 2019-ലും നദാല്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ അന്ന് ഡൊമിനിക്ക് തീമിനോട് താരം പരാജയപ്പെട്ടു.

Content Highlights: Rafael Nadal outlasts Stefano Tsitsipas to claim 12th Barcelona Open title