മെല്‍ബണ്‍: ലോക രണ്ടാം നമ്പറും സ്‌പെയിനിന്റെ ഇതിഹാസ ടെന്നീസ് താരവുമായ റാഫേല്‍ നദാല്‍ അടുത്ത ആഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുമോ എന്ന കാര്യത്തില്‍ സംശയം. പുറംവേദനയെത്തുടര്‍ന്ന് താരം ഇപ്പോള്‍ വിശ്രമത്തിലാണ്.

ഈയിടെ നടന്ന എ.ടി.പി കപ്പ് ടൂര്‍ണമെന്റില്‍ നിന്നും പുറംവേദനയെത്തുടര്‍ന്ന് നദാല്‍ പിന്മാറിയിരുന്നു. വേദന കുറവുണ്ടെങ്കിലും കളിക്കാനാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് നദാല്‍ വ്യക്തമാക്കി.

'ഞാന്‍ വളരെ മോശം അവസ്ഥയിലൊന്നുമല്ല. പക്ഷേ മികച്ച രീതിയില്‍ എന്റേതായ ശൈലിയില്‍ കളിക്കാനാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. '-നദാല്‍ പറഞ്ഞു.

34 കാരനായ നദാല്‍ നിലവില്‍ 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കി ഇതിഹാസതാരം റോജര്‍ ഫെഡറര്‍ക്കൊപ്പം റെക്കോഡ് പങ്കിടുകയാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയാല്‍ ഏറ്റവുമധികം ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടുന്ന പുരുഷതാരം എന്ന റെക്കോഡ് നദാലിന് സ്വന്തമാക്കാനാകും. ഫെഡറര്‍ കാല്‍മുട്ടിനേറ്റ പരിക്കുമൂലം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുന്നില്ല.

ഓസ്‌ട്രേലിയയിലെത്തിയ താരം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം ലോക മൂന്നാം നമ്പര്‍ താരം ഡൊമിനിക്ക് തീമുമായി ഒരു സൗഹൃദ മത്സരം കളിച്ചിരുന്നു. അതില്‍ 7-5, 6-4 എന്ന സ്‌കോറിന് നദാല്‍ വിജയം സ്വന്തമാക്കിയിരുന്നു. 

Content Highlights: Rafael Nadal continues to struggle with back problem ahead of Australian Open