മഡ്രിഡ്: എ.ടി.പി. ടെന്നീസ് റാങ്കിങ്ങില്‍ ചരിത്ര നേട്ടം കൈവരിച്ച് കളിമണ്‍ കോര്‍ട്ടിലെ രാജാവും ഇതിഹാസതാരവുമായ റാഫേല്‍ നദാല്‍. പുരുഷന്മാരുടെ റാങ്ക് പട്ടികയില്‍ തുടര്‍ച്ചയായി 800 ആഴ്ചകള്‍ ആദ്യ പത്തിനുള്ളില്‍ സ്ഥാനം നിലനിര്‍ത്തിയ രണ്ടാമത്തെ താരം എന്ന റെക്കോഡാണ് സ്പാനിഷ് താരം സ്വന്തമാക്കിയത്. അതായത് 15 വര്‍ഷത്തിനുമുകളിലായി നദാല്‍ ആദ്യ പത്തിലുണ്ട്.
2005 ഏപ്രിലിലാണ് നദാല്‍ ആദ്യമായി പത്ത് റാങ്കിനുള്ളില്‍ വരുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഫ്രഞ്ച് ഓപ്പണില്‍ 13 കിരീടങ്ങള്‍ നേടി നദാല്‍ ടെന്നീസ് ലോകത്തെ ഞെട്ടിച്ചു.
തുടര്‍ച്ചയായി 789 ആഴ്ചകള്‍ ആദ്യ പത്തില്‍ നിന്ന ജിമ്മി കോണറിന്റെ റെക്കോഡ് ഇതുവഴി നദാല്‍ ഭേദിച്ചു. 931 ആഴ്ചകള്‍ ആദ്യ പത്തില്‍ നിന്ന് ലോകറെക്കോഡ് സ്വന്തമാക്കിയ ടെന്നീസ് ലോകത്തെ എക്കാലത്തെയും മികച്ച താരമായ റോജര്‍ ഫെഡറര്‍ മാത്രമാണ് നദാലിന് മുന്നിലുള്ളത്.
നിലവില്‍ ലോക റാങ്കിങ്ങില്‍ നദാല്‍ രണ്ടാമതും ഫെഡറര്‍ അഞ്ചാമതുമാണ്. നൊവാക്ക് ജോക്കോവിച്ചാണ് പട്ടികയില്‍ ഒന്നാമത്.
Content Highlights: Rafael Nadal becomes second player to be ranked in ATP top 10 for 800 consecutive weeks