ഒര്‍ലാന്‍ഡോ: ഇന്ത്യന്‍ ടെന്നീസ് താരം പ്രജ്‌നേഷ് ഗുണേശ്വരന്‍ ഒര്‍ലാന്‍ഡോ ചലഞ്ചര്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. എതിരാളിയായ തായ്‌പേയിയുടെ ടുങ് ലിന്‍ വു പരിക്കേറ്റ് കളിയില്‍ നിന്നും പിന്മാറിയതോടെയാണ് താരം ക്വാര്‍ട്ടറിലെത്തിയത്. 5-7, 7-5, 2-0 എന്ന സ്‌കോറിന് പ്രജ്‌നേഷ് മുന്നിട്ടുനില്‍ക്കുമ്പോഴാണ് എതിരാളിയുടെ പിന്മാറ്റം.

ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും മികച്ച പ്രകടനത്തിലൂടെ കളിയിലേക്ക് തിരിച്ചുവരികയായിരുന്നു ഇന്ത്യന്‍ താരം. ആദ്യ സെറ്റ് 7-5 നഷ്ടപ്പെട്ട താരം രണ്ടാം സെറ്റിലും തോല്‍വിയിലേക്ക് വീഴാനിരിക്കെ അത്ഭുതകരമായി തിരിച്ചുവന്നു. രണ്ടാം സെറ്റില്‍ 2-5 എന്ന നിലയില്‍ പിന്നിലായ താരം അടുപ്പിച്ച് അഞ്ച് പോയന്റുകള്‍ നേടി 7-5 എന്ന സ്‌കോറിന് സെറ്റ് സ്വന്തമാക്കി ഏവരെയും ഞെട്ടിച്ചു. 

ക്വാര്‍ട്ടറില്‍ താരം 172-ാം സ്ഥാനത്തുള്ള കസാഖ്സ്ഥാന്റെ ദിമിത്രി പോപ്‌കോയെ നേരിടും. പ്രജ്‌നേഷ് ലോകറാങ്കിങ്ങില്‍ 137-ാം സ്ഥാനത്താണ്.

ഈ സീസണില്‍ താരം മികച്ച ഫോമിലാണ്. ഈയിടെ കഴിഞ്ഞ ക്യാരി ചലഞ്ചര്‍ ടൂര്‍ണമെന്റില്‍ പ്രജ്‌നേഷ് ഫൈനലില്‍  പ്രവേശിച്ചിരുന്നു. 

മറ്റൊരു ഇന്ത്യന്‍ താരമായ രാംകുമാര്‍ രാമനാഥന്‍ ഒര്‍ലാന്‍ഡോ ചലഞ്ചറിന്റെ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി.

Content Highlights: Prajnesh advances to quarterfinals of Orlando Challenger