കൊല്‍ക്കത്ത: കരിയറിലെ തുടര്‍ച്ചയായ എട്ടാം ഒളിമ്പിക്‌സിന് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടെന്നീസിന്റെ ഇതിഹാസതാരം ലിയാന്‍ഡര്‍ പേസ്. ഈ ഒളിമ്പിക്‌സോടെ താരം കരിയറിനോട് വിടചൊല്ലുമെന്ന സൂചന നേരത്തേ നല്‍കിയിട്ടുണ്ട്.

48 കാരനായ പേസ് ജൂലായ് 23 ന് ആരംഭിക്കുന്ന ടോക്യോ ഒളിമ്പിക്‌സില്‍ ടെന്നീസ് ഡബിള്‍സ് മത്സരത്തിലായിരിക്കും പങ്കെടുക്കുക. ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായും അവസാനമായും ടെന്നീസില്‍ ഒളിമ്പിക്‌സ് മെഡല്‍ സ്വന്തമാക്കിയ താരമാണ് പേസ്. 1996-ല്‍ നടന്ന അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ ടെന്നീസ് സിംഗിള്‍സില്‍ താരം വെങ്കലം നേടിയിരുന്നു. പിന്നീട് മെഡല്‍ നേടാന്‍ സാധിച്ചില്ല. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം തവണ ഒളിമ്പിക്‌സില്‍ പങ്കെടുത്ത താരം എന്ന റെക്കോഡ് പേസിനാണുള്ളത്.

ഇത്തവണ രോഹന്‍ ബൊപ്പണ്ണയോ ദിവിജ് ശരണോ ആയിരിക്കും പേസിന്റെ പങ്കാളി. കരിയറില്‍ ഇതുവരെ 18 പ്രധാന ടെന്നീസ് കിരീടങ്ങള്‍ ചൂടിയ താരമാണ് പേസ്. ഡേവിസ് കപ്പ് ഡബിള്‍സില്‍ ഏറ്റവുമധികം വിജയങ്ങളുള്ള താരം എന്ന റെക്കോഡും പേസിന്റെ പേരിലാണ്. ഇന്ത്യയ്ക്ക് വേണ്ട നിരവധി ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ മിക്‌സഡ് ഡബിള്‍സിലൂടെയും ഡബിള്‍സിലൂടെയും നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഡബിള്‍സില്‍ എട്ടുതവണയും മിക്‌സഡ് ഡബിള്‍സില്‍ പത്തുതവണയും താരം ഗ്രാന്‍ഡ്സ്ലാം കിരീടം നേടി. 

Content Highlights: Paes eyeing unbreakable record eighth straight Olympics in Tokyo