മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ദ്യോകോവിച്ചിന്. ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ദ്യോകോവിച്ച് കിരീടം ചൂടിയത്. സ്‌കോര്‍(6-4, 4-6, 2-6, 6-3, 6-4).
ദ്യോകോവിച്ചിന്റെ കരിയറിലെ എട്ടാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. ആദ്യ സെറ്റില്‍ ആധിപത്യം പുലര്‍ത്തിയ ദ്യോകോവിച്ച് പിന്നീടുള്ള രണ്ട് സെറ്റുകളിലും അല്പം പതറി. എന്നാല്‍ അവസാനത്തെ രണ്ട് സെറ്റുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചാണ് സെര്‍ബിയന്‍ താരം കിരീടത്തില്‍ മുത്തമിട്ടത്.
സെമിയില്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ചായിരുന്നു ദ്യോകോവിച്ചിന്റെ ഫൈനല്‍ പ്രവേശം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു റോജര്‍ ഫെഡറര്‍ ദ്യോകോവിച്ചിന് മുന്നില്‍ അടിയറവ് പറഞ്ഞത്.
അമേരിക്കയുടെ സോഫിയ കെനിനാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം. ശനിയാഴ്ച നടന്ന ഫൈനലില്‍ സ്പാനിഷ് താരം ഗാര്‍ബിനെ മുഗുരുസയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് 21-കാരിയായ സോഫിയ തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടിയത്.
Content Highlights: novak djokovik wins australian open singles tittle 2020