മെല്‍ബണ്‍: വാക്‌സിനേഷന്‍ രേഖകളോ മെഡിക്കല്‍ ഇളവുകളോ ഹാജരാക്കാന്‍ സാധിക്കാതിരുന്നതോടെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ തടഞ്ഞിരുന്നു.

വിസ റദ്ദാക്കി താരത്തെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ നടപടികള്‍ വൈകിപ്പിക്കുമെന്ന് അറിയിച്ചതായി ജോക്കോവിച്ചിന്റെ അഭിഭാഷകന്‍ അറിയിച്ചു. താരത്തിന്റെ അടിയന്തര അപ്പീലിന് ശേഷം അന്തിമ വാദം നടക്കുന്ന തിങ്കളാഴ്ചയ്ക്ക് മുമ്പ് ജോക്കോയെ തിരിച്ചയക്കാന്‍ പാടില്ലെന്ന് ജഡ്ജി ഉത്തരവിടുകയായിരുന്നു.

നാട്ടിലേക്ക് തിരിച്ചയക്കലില്‍ നിന്ന് ജോക്കോവിച്ചിന് താത്കാലിക ഇളവ് ലഭിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ രാജ്യത്ത് തുടരുന്നതിനായി അദ്ദേഹത്തിന് ഇമിഗ്രേഷൻ കേന്ദ്രത്തില്‍ ഒരു രാത്രി തുടരേണ്ടതായി വരും. കഴിഞ്ഞ ദിവസമാണ് വാക്‌സിനേഷന്‍ രേഖകളോ മെഡിക്കല്‍ ഇളവുകളോ ഹാജരാക്കാന്‍ സാധിക്കാതിരുന്നതോടെ മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തില്‍ ജോക്കോവിച്ചിനെ തടഞ്ഞുവെച്ചത്. താരത്തിന്റെ വിസ അസാധുവാക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് താരം കോടതിയെ സമീപിച്ചത്. വാക്സിന്‍ ഡോസുകള്‍ മുഴുവന്‍ എടുത്തിട്ടില്ലെങ്കിലും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ ഇളവ് നല്‍കിയെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചാണ് താരം വിമാനം കയറിയത്.

വിമാനം ഇറങ്ങിയ ജോക്കോയോട് വാക്സിന്‍ ഡോസുകള്‍ പൂര്‍ണമായി എടുത്ത സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. വാക്സിന്‍ എടുക്കാത്തതിന് കൃത്യമായ ആരോഗ്യകാരണങ്ങള്‍ ബോധ്യപ്പെടുത്തുന്ന തെളിവ് ഹാജരാക്കാന്‍ ജോക്കോയ്ക്ക് കഴിഞ്ഞില്ലെന്ന് അധികൃതര്‍ പറഞ്ഞു.

നിലവിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവായ ജോക്കോവിച്ച് ജനുവരി 17-ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനായാണ് ഓസ്‌ട്രേലിയയിലെത്തിയത്. കടുത്ത കോവിഡ് നിയന്ത്രണങ്ങളിലാണ് ഓസ്‌ട്രേലിയ. ഇതിനാല്‍ തന്നെ കൃത്യമായ വാക്‌സിന്‍ രേഖകളില്ലാത്തവരെ നാട്ടിലേക്ക് തിരിച്ചയക്കുകയാണ് ചെയ്യുന്നത്.

Content Highlights: novak djokovic won a temporary reprieve in his deportation from australia