ലണ്ടന്‍: വിംബിള്‍ഡണ്‍ 2021 പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ 
നൊവാക് ജോക്കോവിച്ചിന്. താരത്തിന്റെ ആറാം വിംബിള്‍ഡണ്‍ കിരീടവും 20-ാം ഗ്രാന്‍ഡ്സ്ലാം നേട്ടവുമാണിത്. 

ഈ കിരീട വിജയത്തോടെ റോജര്‍ ഫെഡററുടെയും റാഫേല്‍ നദാലിന്റെയും 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന നേട്ടത്തിനൊപ്പമെത്താനും ജോക്കോയ്ക്കായി.

ഞായറാഴ്ച നടന്ന ഫൈനലില്‍ ഇറ്റലിയുടെ മത്തിയോ ബെരെറ്റിനിയെ തോല്‍പ്പിച്ചാണ് ജോക്കോവിച്ച് വിംബിള്‍ഡണ്‍ കിരീടത്തില്‍ ആറാം തവണയും മുത്തമിട്ടത്. സ്‌കോര്‍: 6-7 (4), 6-4, 6-4, 6-4.

മൂന്നു മണിക്കൂറും 23 മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തില്‍ ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് ജോക്കോവിച്ച് തിരിച്ചുവന്നത്. 

2021-ല്‍ നടന്ന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ താരത്തിന്റെ 21-ാം ജയവുമാണിത്. നേരത്തെ ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിലും ജോക്കോ കിരീടം നേടിയിരുന്നു. ഫൈനലില്‍ ഗ്രീസിന്റെ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തകര്‍ത്തായിരുന്നു കിരീട നേട്ടം.

ഓപ്പണ്‍ കാലഘട്ടത്തില്‍ എല്ലാ നാല് ഗ്രാന്‍ഡ്സ്ലാമും രണ്ടു തവണ വീതം നേടുന്ന ആദ്യ താരമെന്ന റെക്കോഡും ജോക്കോ സ്വന്തമാക്കിയിരുന്നു.

Content Highlights: Novak Djokovic wins 20th Grand Slam title at Wimbledon