ലണ്ടന്‍:സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ചിന് നാലാം വിംബിള്‍ഡണ്‍ കിരീടം. ഞായറാഴ്ച നടന്ന ഫൈനലില്‍ ദ്യോക്കോവിച്ച് നേരിട്ടുള്ള സെറ്റുകളില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ പരാജയപ്പെടുത്തി(6-2, 6-2, 7-6). 2001-ല്‍ ഗോരാന്‍ ഇവാനിസെവിച്ച് ചാമ്പ്യനായശേഷം വിംബിള്‍ഡണില്‍ കിരീടം ചൂടുന്ന ഏറ്റവും താഴ്ന്ന സീഡുകാരനാണ് 21-ാം സീഡായ ദ്യോക്കോ. 

2011, 2014, 2015 വര്‍ഷങ്ങളില്‍ ചാമ്പ്യനായ സെര്‍ബിയന്‍ താരം മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും ജേതാവാകുന്നത്. ഇതോടെ 31-കാരനായ ദ്യോക്കോയ്ക്ക് 13 ഗ്രാന്‍സ്ലാം കിരീടങ്ങളായി. നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡററെ ക്വാര്‍ട്ടറില്‍ തോല്‍പിച്ച ആന്‍ഡേഴ്‌സണ് ഫൈനലില്‍ ദ്യോക്കോയ്ക്ക് വെല്ലുവിളിയുയര്‍ത്താനായില്ല. കടുത്ത അഞ്ച് സെറ്റ് പോരാട്ടങ്ങള്‍ ജയിച്ചാണ് ദ്യോക്കോവിച്ചും എട്ടാം സീഡുകാരനായ ആന്‍ഡേഴ്‌സണും ഫൈനലില്‍ പ്രവേശിച്ചത്. 

ആദ്യ രണ്ട് സെറ്റുകള്‍ അനായാസം ജയിച്ച ദ്യോക്കോയ്ക്ക് മൂന്നാം സെറ്റും മാച്ചും കിരീടവും സ്വന്തമാക്കാന്‍ ടൈബ്രെയ്ക്കര്‍ വേണ്ടിവന്നു. രണ്ട് മണിക്കൂറും 19 മിനിറ്റുമെടുത്ത കളിയില്‍ 7-3ന് ടൈയും കിരീടവും ദ്യോക്കോ കൈക്കലാക്കി. 2016-ല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിയശേഷം ദ്യോക്കോയുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്.

Content Highlights: Novak Djokovic Wimbledon Champion Tennis