കാന്‍ബെറ: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ താരങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി അലെക്‌സ് ഹൗക്കാണ് ഇക്കാര്യം അറിയിച്ചത്. 

നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് ഈ തീരുമാനം വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറിയേക്കും.

മിക്ക ടെന്നീസ് താരങ്ങളും വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ജോക്കോവിച്ച് വിട്ടുനില്‍ക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വിജയം നേടിയാല്‍ ലോകത്തില്‍ ഏറ്റവുമധികം  ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പുരുഷ താരം എന്ന റെക്കോഡ് ജോക്കോവിച്ചിന് സ്വന്തമാകും.

നിലവില്‍ 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണ് ജോക്കോവിച്ചിന്റെ പേരിലുള്ളത്. ഇതിഹാസ താരങ്ങളായ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നദാലിനുമൊപ്പം റെക്കോഡ് പങ്കുവെയ്ക്കുകയാണ് ജോക്കോവിച്ച്. 2019, 2020, 2021 വര്‍ഷങ്ങളില്‍ ജോക്കോവിച്ചാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയത്. കരിയറില്‍ ഇതുവരെ ഒന്‍പത് തവണയാണ് താരം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടത്. 

ജോക്കോവിച്ചിന് മാത്രമായി ഇളവ് നല്‍കാനാകില്ലെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും അലെക്‌സ് ഹൗക്ക് വ്യക്തമാക്കി. വാക്‌സിന്‍ എടുക്കാതെ ജോക്കോവിച്ചിനെ യാതൊരു കാരണവശാലും മത്സരത്തില്‍ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2022 ജനുവരിയിലാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്. 

Content Highlights: Novak Djokovic will need to be vaccinated to play Australian Open