ലണ്ടന്‍: ലോക ടെന്നീസ് പുരുഷവിഭാഗം റാങ്കിങ്ങില്‍ കൂടുതല്‍ കാലം ഒന്നാംറാങ്കില്‍ തുടര്‍ന്ന സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡററുടെ (310 ആഴ്ച) റെക്കോഡിനൊപ്പമെത്തി നൊവാക് ജോക്കോവിച്ച്. സെര്‍ബിയന്‍ താരമായ ജോക്കോവിച്ച് കഴിഞ്ഞയാഴ്ച ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയിരുന്നു. ഈയാഴ്ച ഫെഡറര്‍ക്കൊപ്പമെത്തിയ ജോക്കോവിച്ച് അടുത്തയാഴ്ച റെക്കോഡ് മറികടക്കും.

2020 ഫെബ്രുവരിയിലാണ് ജോക്കോ ഏറ്റവുമൊടുവില്‍ ഒന്നാംറാങ്കിലേക്ക് തിരിച്ചെത്തിയത്. ഒന്നാമനായി ആറാം വരവായിരുന്നു അത്. ഒരു വര്‍ഷത്തിലേറെയായി ആ സ്ഥാനത്ത് തുടരുന്നു.

ആറു വര്‍ഷാന്ത്യങ്ങളില്‍ ജോക്കോ ഒന്നാംസ്ഥാനത്ത് തുടര്‍ന്നു. ഇക്കാര്യത്തില്‍ പീറ്റ് സാംപ്രാസിനൊപ്പം റെക്കോഡ് പങ്കിടുന്നു. 2014-16 കാലത്ത് തുടര്‍ച്ചയായി 122 ആഴ്ച ജോക്കോ ഒന്നാംസ്ഥാനത്തായിരുന്നു. ഇക്കാര്യത്തില്‍ ഒന്നാമതുള്ള ഫെഡറര്‍ (237 ആഴ്ച) ഏറെ മുന്നിലാണ്. പുതിയ റാങ്കിങ് പട്ടികയില്‍ ജോക്കോവിച്ച്, റാഫേല്‍ നഡാല്‍ (സ്‌പെയിന്‍), ഡാനില്‍ മെദ്‌വദേവ് (റഷ്യ), ഡൊമിനിക് തീം (ഓസ്ട്രിയ), റോജര്‍ ഫെഡറര്‍ എന്നിവര്‍ യഥാക്രമം ആദ്യ അഞ്ചു സ്ഥാനങ്ങളിലുണ്ട്.

Content Highlights: Novak Djokovic ties Federer record of 310 weeks as ATP number one