മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ റഷ്യയുടെ ഡാനില്‍ മെദ്‌വെദെവിനെ തകര്‍ത്ത് സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് കിരീടം.

ഞായറാഴ്ച റോഡ് ലാവെര്‍ അരീനയില്‍ ഒരു മണിക്കൂറും 53 മിനിറ്റും നീണ്ട പോരാട്ടത്തില്‍ ഫലം നിര്‍ണയിക്കാന്‍ മൂന്ന് സെറ്റുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. സ്‌കോര്‍: 7-5, 6-2, 6-2.

രണ്ടും മൂന്നും സെറ്റുകളില്‍ ആധികാരിക ജയത്തോടെയാണ് ജോക്കോ മെല്‍ബണ്‍ പാര്‍ക്കിലെ തന്റെ ഒമ്പതാം കിരീടവും 18-ാം ഗ്രാന്‍ഡ് സ്ലാമും സ്വന്തമാക്കിയത്. 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന സ്വിറ്റ്‌സര്‍ലന്‍ഡ് താരം റോജര്‍ ഫെഡററുടെയും സ്‌പെയിനിന്റെ റാഫേല്‍ നദാലിന്റെയും റെക്കോഡിലേക്ക് രണ്ടു കിരീട നേട്ടങ്ങളുടെ ദൂരം മാത്രമാണ് ഇനി ജോക്കോയ്ക്കുള്ളത്. 

ഇതോടൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫൈനലില്‍ ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോഡും ജോക്കോ നിലനിര്‍ത്തി.

Content Highlights: Novak Djokovic thrashes Daniil Medvedev to win 9th Australian Open title