മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പര്‍ താരവുമായ നൊവാക് ദ്യോകോവിച്ച് പുറത്ത്. രണ്ടാം റൗണ്ടില്‍ ലോകറാങ്കില്‍ 117ാം സ്ഥാനത്തുള്ള ഡെനിസ് ഇസ്‌തോമിനാണ് ദ്യോകോവിച്ചിനെ അട്ടിമറിച്ചത്. അഞ്ചു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ ഇസ്‌തോമിന്റെ വിജയം. മത്സരം നാല് മണിക്കൂറും 48 മിനിറ്റും നീണ്ടുനിന്നു.

മത്സരത്തില്‍ ആദ്യ സെറ്റ് തന്നെ പിടിച്ചടക്കി ഇസ്‌തോമിന്‍ വരാന്‍ പോകുന്ന ആപത്തിന്റെ സൂചന ദ്യോകോവിച്ചിന് നല്‍കിയിരുന്നു. എന്നാല്‍ രണ്ടും മൂന്നും സെറ്റില്‍ സെര്‍ബിയന്‍ താരം തിരിച്ചുവരവ് നടത്തി പ്രതീക്ഷ കാത്തു. എന്നാല്‍ അവസാന രണ്ടു സെറ്റുകളില്‍ ഇസ്‌തോമിന് മുന്നില്‍ ദ്യോകോവിച്ചിന് പിടിച്ചു നില്‍ക്കാനായില്ല. സ്‌കോര്‍: 7-6, 5-7, 2-6, 7-6,6-4. മൂന്നാം റൗണ്ടില്‍ സ്പാനിഷ് താരം പാബ്ലൊ ബുസ്തയാണ് ഉസബെക്ക് താരമായ ഇസ്‌തോമിന്റെ എതിരാളി. 

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആറു തവണ ചാമ്പ്യനായ ദ്യോകോവിച്ച് ഇത്തവണ ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് കോര്‍ട്ടിലറങ്ങിയത്. 2008ലെ വിംബിള്‍ഡണിന് ശേഷം ആദ്യമായാണ് ദ്യോകോവിച്ച് ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ട് കാണാതെ പുറത്താകുന്നത്.  നൂറിന് മുകളില്‍ റാങ്കുള്ള ഒരു താരത്തിനെതിരെ ഏഴു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ദ്യോകോ പരാജയപ്പെടുന്നത്.  145ാം റാങ്കുകാരനായ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രൊയോട് റിയോ ഒളിമ്പിക്‌സിലാണ് ഇതിന് മുമ്പ് ദ്യോകോവിച്ച് തോല്‍വി രുചിച്ചത്.

Denis Istomin
ഇസ്‌തോമിന്റെ ആഹ്ലാദം