എ.ടി.പി റാങ്കിങ്ങിൽ ഏറെ പുറകിലുള്ള താരങ്ങൾക്ക് സഹായഹസ്തവുമായി ടെന്നീസിലെ ബിഗ് ത്രീകളുണ്ടാകുമെന്ന് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്.

റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവർക്കൊപ്പമാണ് ജോക്കോവിച്ച് കൈകോർക്കുക. ഇവർ മൂന്നുപേരും റാങ്കിങ്ങിൽ ഏറെ പുറകിലുള്ള കളിക്കാരെ സാമ്പത്തികമായി സഹായിക്കും. ജോക്കോവിച്ചാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കൊറോണ വൈറസ് വ്യാപനം മൂലം ലോകത്തെമ്പാടുമുള്ള ടെന്നീസ് മത്സരങ്ങൾ താത്‌കാലികമായി റദ്ദാക്കിയിരിക്കുകയാണ്. റാങ്കിങ്ങിൽ പുറകിലുള്ള മിക്ക താരങ്ങളും കളിക്കാനാവാതെ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റാങ്കിങ്ങിൽ 200 മുതൽ 1000 വരെയുള്ള താരങ്ങൾക്ക് ഫെഡറേഷന്റെ സപ്പോർട്ടില്ല. ഇവരെയാണ് ടെന്നീസ് ബിഗ് ത്രീ സഹായിക്കുന്നത്.

ഇവർ മൂന്നുപേരും ചേർന്ന് ഏകദേശം നാല്പത് ലക്ഷം യൂറോ കളിക്കാർക്ക് വേണ്ടി മുടക്കും. ഈ സീസണിൽ ഇനി കളി നടക്കുകയാണെങ്കിൽ സമ്മാനത്തുകയിൽ നിന്നും പണം സമാഹരിച്ച് നൽകാനും പദ്ധതിയുണ്ട്.

നിലവിൽ എ.ടി.പി പ്ലെയേഴ്സ് കൗൺസിലിന്റെ പ്രസിഡന്റാണ് ജോക്കോവിച്ച്.

Content Highlights: Novak Djokovic Says Tennis Big Three Plan To Help Lower Ranked Players