മെല്‍ബണ്‍: കോവിഡിനെതിരായ വാക്‌സിന്‍ സ്വീകരിക്കാതെയെത്തിയ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവോച്ചിന്റെ വിസ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വീണ്ടും റദ്ദാക്കി. ഇതോടെ സെര്‍ബിയന്‍ താരത്തെ ഉടന്‍ നാട്ടിലേക്ക് തിരിച്ചയക്കാന്‍ സാധ്യതയേറി. നിയമപ്രകാരം ജോക്കോവിച്ചിന് ഓസ്ട്രേലിയയില്‍ പ്രവേശിക്കാന്‍ മൂന്നുവര്‍ഷത്തെ വിലക്കും വന്നേക്കും. തീരുമാനത്തിനെതിരെ താരം വീണ്ടും കോടതിയെ സമീപിച്ചു.

ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കാന്‍ മെല്‍ബണിലെത്തിയപ്പോഴാണ് ജോക്കോവിച്ചിനെ വിമാനത്താവളത്തില്‍ തടഞ്ഞത്. കോവിഡിനെതിരായ വാക്‌സിന്‍ സ്വീകരിക്കാതെ എത്തിയതിനായിരുന്നു പിടിച്ചുവെക്കല്‍. വിസ റദ്ദാക്കിയ അധികൃതര്‍ ജോക്കോവിച്ചിനെ അഭയാര്‍ഥികളെ പാര്‍പ്പിക്കുന്ന ഹോട്ടലിലേക്കു മാറ്റി. എന്നാല്‍, മെല്‍ബണ്‍ കോടതിയുടെ അനുകൂലവിധിപ്രകാരം ജോക്കോ അഞ്ച് ദിവസത്തിനുശേഷം പുറത്തിറങ്ങി. ഓസ്ട്രേലിയന്‍ ഓപ്പണിനായി പരിശീലനം തുടങ്ങുകയും ചെയ്തു.

ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കാന്‍ തനിക്ക് അധികാരമുണ്ടെന്ന് കുടിയേറ്റ മന്ത്രി അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതാണിപ്പോള്‍ മന്ത്രി പ്രയോഗിച്ചത്. പൊതുജന താത്പര്യാര്‍ഥവും ജനങ്ങളുടെ ആരോഗ്യക്ഷേമവും പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി അലെക്‌സ ഹോക്ക് അറിയിച്ചു. മഹാമാരിയെ നേരിടാന്‍ ഓസ്ട്രേലിയന്‍ ജനത ഒരുപാട് ത്യാഗങ്ങള്‍ സഹിക്കുന്നുണ്ടെന്നും ആലോചിച്ച് എടുത്ത തീരുമാനമാണിതെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും അഭിപ്രായപ്പെട്ടു.

വാക്‌സിന്‍ സ്വീകരിക്കാത്ത താരത്തിന് വിസ അനുവദിച്ചതിനെതിരേ രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കോവിഡിനെത്തുടര്‍ന്ന് ഏറ്റവും കൂടുതല്‍ അടച്ചുപൂട്ടലുകളുണ്ടായ നഗരമാണ് മെല്‍ബണ്‍. ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ വമ്പന്‍ താരങ്ങള്‍ക്ക് ഇളവ് നല്‍കിയതിനെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നു. എന്നാല്‍, വാക്‌സിന്‍ സ്വീകരിക്കുന്നതില്‍നിന്ന് ടെന്നീസ് ഓസ്ട്രേലിയ തനിക്ക് ഇളവ് നല്‍കിയിരുന്നെന്നും അതുകൊണ്ടാണ് യാത്ര പുറപ്പെട്ടതെന്നും ജോക്കോവിച്ച് കോടതിയില്‍ വാദിച്ചു.

ഡിസംബര്‍ 16-ന് തനിക്ക് കോവിഡ് വന്നിരുന്നെന്നും അതുകൊണ്ടാണ് വാക്‌സിന്‍ സ്വീകരിക്കാതിരുന്നതെന്നും താരം അവകാശപ്പെട്ടു. അങ്ങനെയാണ് കോടതിയില്‍നിന്ന് ഇളവുണ്ടായത്. എന്നാല്‍, ജനരോഷത്തെത്തുടര്‍ന്ന് താരത്തെ രാജ്യത്തു തുടരാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാരും തീരുമാനമെടുത്തു.

ശനിയാഴ്ച രാവിലെ സര്‍ക്കാര്‍ അധികൃതര്‍ക്കുമുന്നില്‍ ഹാജരാവാന്‍ ജോക്കോവിച്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെവെച്ച് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് അഭയാര്‍ഥി ഹോട്ടലിലേക്ക് മാറ്റാനാണ് സാധ്യത.

കോടതിയില്‍ പോയി അനുകൂലവിധി സമ്പാദിച്ച് ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കാന്‍ കഴിയുന്ന കാര്യം സംശയത്തിലാണ്. ജോക്കോയെ ഉള്‍പ്പെടുത്തിയാണ് മത്സരക്രമം തയ്യാറാക്കിയിരിക്കുന്നത്.

മെല്‍ബണ്‍ പാര്‍ക്കില്‍നിന്ന് പടിയിറങ്ങുമ്പോള്‍

മൂന്നുവര്‍ഷത്തെ വിസാവിലക്കുകൂടി വന്നാല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഭാവിയില്‍ ജോക്കോയ്ക്ക് കളിക്കാന്‍പറ്റുന്ന കാര്യം സംശയത്തിലാണ്. ഒമ്പതുവട്ടമാണ് മെല്‍ബണ്‍ പാര്‍ക്കില്‍ ജോക്കോ ചാമ്പ്യനായിട്ടുള്ളത്. കഴിഞ്ഞ മൂന്നുവര്‍ഷവും ജോക്കോതന്നെയായിരുന്നു ചാമ്പ്യന്‍. ഒരു കിരീടംകൂടി നേടിയാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്റ്സ്ലാം കിരീടം എന്ന ചരിത്രനേട്ടം ജോക്കോയ്ക്ക് ഒറ്റയ്ക്ക് സ്വന്തമാകും. റാഫേല്‍ നഡാല്‍, റോജര്‍ ഫെഡറര്‍ എന്നിവര്‍ക്കൊപ്പം 20 കിരീടങ്ങളാണ് ഇപ്പോള്‍ ജോക്കോയ്ക്കുള്ളത്. തന്റെ പ്രിയപ്പെട്ട വേദിയില്‍ വിലക്ക് ലഭിച്ചാല്‍ ജോക്കോയുടെ കായികജീവിതത്തിലെ വലിയ ദുരന്തമാകുമത്.

Content Highlights: Novak Djokovic's visa cancelled for second time, putting his Australian Open 2022 future in serious doubt