മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ മെല്‍ബണിലെത്തിയ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തടഞ്ഞുവെച്ചതില്‍ പ്രതിഷേധം തുടരുന്നു. സെര്‍ബിയന്‍ താരത്തെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലിനുപുറത്ത് അദ്ദേഹത്തിന് പിന്തുണയുമായി ഒട്ടേറെപ്പേരെത്തി. സെര്‍ബിയന്‍ വംശജര്‍ ഇവിടെ ഒത്തുകൂടിയിട്ടുണ്ട്. തനിക്ക് നല്‍കുന്ന പിന്തുണയ്ക്ക് സാമൂഹിക മാധ്യമത്തിലൂടെ ജോക്കോവിച്ച് ആരാധകരോട് നന്ദിയറിയിച്ചു.

വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനെത്തുടര്‍ന്നാണ് താരത്തെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്. എന്നാല്‍, വാക്‌സിന്റെ കാര്യത്തില്‍ ഓസ്ട്രേലിയന്‍ ടെന്നീസ് അധികൃതര്‍ തനിക്ക് ഇളവനുവദിച്ചതായി ജോക്കോവിച്ച് സെര്‍ബിയയില്‍നിന്ന് പുറപ്പെടുംമുമ്പ് അറിയിച്ചിരുന്നു. തടഞ്ഞുവെക്കലിനെതിരേ താരം കോടതിയെ സമീപിച്ചിട്ടുണ്ട്. പത്താംതീയതി കോടതി വിധിപറഞ്ഞേക്കും. കുടിയേറ്റനിയമം ലംഘിച്ചെത്തുന്നവരെ പാര്‍പ്പിക്കുന്ന ഹോട്ടലിലാണ് ജോക്കോയുള്ളത്. ഇവിടെ 32 പേരോളം ഇങ്ങനെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവര്‍ക്ക് ഹോട്ടലിന് പുറത്തുപോകാനാവില്ല. 'ഇവരെ സ്വതന്ത്രരാക്കുക' എന്ന് പ്രതിഷേധക്കാര്‍ ഹോട്ടലിന്റെ മതിലിനുപുറത്ത് എഴുതിവെച്ചിട്ടുണ്ട്.

വാക്‌സിനെടുക്കാത്തവരും ഓസ്ട്രേലിയയിലെത്തി

ജോക്കോവിച്ചിനെപോലെത്തന്നെ വാക്‌സിനേഷനില്‍ ഇളവുനേടിയ ചില കളിക്കാരുണ്ടെന്നും അതില്‍ മൂന്നുപേരെങ്കിലും ഇപ്പോള്‍ ഓസ്ട്രേലിയയില്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട്. കൂടുതല്‍ കളിക്കാര്‍ വരാനിരിക്കുന്നു. മറ്റുള്ളവരെ പുറത്തുവിട്ടിട്ട് ജോക്കോയെ മാത്രം തടഞ്ഞുവെച്ചതെന്തിന് എന്നാണ് ചോദ്യം. ഇക്കാര്യം അന്വേഷിക്കുമെന്ന് ഓസ്ട്രേലിയന്‍ ആഭ്യന്തരമന്ത്രി കാരെന്‍ ആന്‍ഡ്രൂസ് അറിയിച്ചു.

Novak Djokovic s fans protests to get him out of his hotel
സെര്‍ബിയിയലെ ബല്‍ഗ്രേഡില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന ജോക്കോവിച്ചിന്റെ മാതാപിതാക്കളടക്കമുള്ളവര്‍

'കൊറോണ ഫാസിസം' - ജോക്കോയുടെ പിതാവ്

ബെല്‍ഗ്രേഡ്: തന്റെ മകനെതിരേ ഓസ്ട്രേലിയന്‍ അധികൃതര്‍ 'കൊറോണ ഫാസിസം' പ്രയോഗിക്കുകയാണെന്ന് ജോക്കോവിച്ചിന്റെ പിതാവ് സ്രജന്‍ ജോക്കോവിച്ച്. ''രാഷ്ട്രീയമായി വേട്ടയാടുകയാണ് ഓസ്ട്രേലിയ. ലോകത്തെ ഏറ്റവും മികച്ച ടെന്നീസ് താരം ക്രൂശിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, ഇതെല്ലാം സഹിച്ച് അവന്‍ തിരിച്ചുവരും'' - സ്രജന്‍ പറഞ്ഞു. തന്റെ മകനെ തടവുകാരനാക്കിമാറ്റിയെന്ന് ജോക്കോയുടെ അമ്മ ദിയാന ജോക്കോവിച്ച് പറഞ്ഞു. ''ഇത് അനീതിയാണ്, മനുഷ്യത്വത്തിന് എതിരാണ്. ഇതെല്ലാം നേരിടാന്‍ അവന് കരുത്തുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'' - ദിയാന പറഞ്ഞു.

ജോക്കോയുടെ ഗതി വൊറാസോവയ്ക്കും

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനെത്തിയ ചെക്ക് താരം റെണാറ്റ വൊറാസോവയെയും മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞു. ജോക്കോവിച്ചിനെ പാര്‍പ്പിച്ചിട്ടുള്ള ഹോട്ടലിലേക്ക് ഇവരെയും മാറ്റി. വൊറാസോവയ്ക്ക് അടുത്തിടെ കോവിഡ് വന്നിരുന്നു. അതുകൊണ്ട് വാക്‌സിന്‍ എടുത്തിട്ടില്ല. ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ അവര്‍ക്കും ഇളവനുവദിച്ചിരുന്നു. വിട്ടയച്ചാല്‍ വൊറാസോവ നാട്ടിലേക്കു മടങ്ങുമെന്ന് ചെക്ക് അധികൃതര്‍ അറിയിച്ചു.

Content Highlights: Novak Djokovic s fans protests to get him out of his hotel