പാരീസ്: ഇതിഹാസ താരങ്ങളായ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് എന്നിവര്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. 

20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ഫെഡറര്‍ മരിയന്‍ സിലിച്ചിനെ കീഴടക്കി. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്വിസ് ഇതിഹാസത്തിന്റെ വിജയം. സ്‌കോര്‍: 6-2, 2-6, 7-6,6-2. 39 കാരനായ ഫെഡറര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മൂന്നാം റൗണ്ടില്‍ ജര്‍മനിയുടെ 59-ാം റാങ്കുകാരനായ ഡൊമിനിക്ക് കോഫറാണ് താരത്തിന്റെ എതിരാളി.

കാണികളില്ലാത്ത സ്റ്റേഡിയത്തില്‍ റിച്ചാര്‍ഡ് ഗാസ്‌ക്വെയെ പരാജയപ്പെടുത്തി നദാല്‍ വിജയവും തന്റെ 35-ാം പിറന്നാളും ആഘോഷിച്ചു. 14-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് നദാല്‍ ഈ സീസണിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. സ്‌കോര്‍: 6-0, 7-5, 6-2. ബ്രിട്ടണിന്റെ കാമറൂണ്‍ നോറിയാണ് മൂന്നാം റൗണ്ടില്‍ നദാലിന്റെ എതിരാളി.

ലോക ഒന്നാം നമ്പര്‍ താരമായ ജോക്കോവിച്ച് യുറുഗ്വായുടെ പാബ്ലോ ക്യൂവാസിനെ അനായാസം പരാജയപ്പെടുത്തിയാണ് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്. സ്‌കോര്‍: 6-3, 6-2, 6-4. മൂന്നാം റൗണ്ടില്‍ ലിത്വാനിയയുടെ റിക്കാര്‍ഡസ് ബെരാന്‍കിസാണ് ജോക്കോവിച്ചിന്റെ എതിരാളി. 

വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനായ ഇഗ സ്വിയാട്ടെക്ക് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. സ്വീഡന്റെ റബേക്ക പീറ്റേഴ്‌സനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഇഗ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്. സ്‌കോര്‍: 6-1, 6-1

Content Highlights: Novak Djokovic, Rafael Nadal, Roger Federer into French Open last 32