പാരിസ്: ഇത്തവണ ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഫൈനലില്‍ സ്വപ്ന പോരാട്ടം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചും സ്‌പെയ്‌നിന്റെ രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലും ഏറ്റുമുട്ടും. കളിമണ്‍ കോര്‍ട്ടിലെ രാജാവായ നദാലിനെ മറികടക്കാന്‍ ജോക്കോയ്ക്ക് സാധിക്കുമോ എന്നാണ് ടെന്നീസ് ലോകം ഉറ്റു നോക്കുന്നത്.

സെമിയില്‍ കടുത്ത പോരാട്ടം അതിജീവിച്ചാണ് ഇരുവരും ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ഗ്രീസിന്റെ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ മറികടന്നാണ് ജോക്കോവിച്ച് കരിയറിലെ 27-ാം ഗ്രാന്‍ഡ്സ്ലാം ഫൈനലിലേക്ക് മുന്നേറിയത്. സ്‌കോര്‍: 6-3, 6-2, 5-7, 4-6, 6-1. മൂന്നു മണിക്കൂറും 46 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സിറ്റ്‌സിപാസിനെ മറികടക്കാന്‍ ജോക്കോയ്ക്ക് സാധിച്ചത്. ഫ്രഞ്ച് ഓപ്പണില്‍ ജോക്കോവിച്ചിന്റെ അഞ്ചാം ഫൈനലാണിത്. 2016-ല്‍ കിരീടം നേടിയ ശേഷമുള്ള ജോക്കോവിച്ചിന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലാണിത്.

മറുവശത്ത് അര്‍ജന്റീന താരം ഡിയഗോ ഷ്വാര്‍ട്ട്മാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നാണ് നദാല്‍ തന്റെ 13-ാം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലേക്ക് മുന്നേറിയത്. സ്‌കോര്‍: 6-3, 6-3, 7-6. ഇതുവരെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയപ്പോഴെല്ലാം കിരീടം നേടിയ നദാല്‍ 13-ാം കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. തുടര്‍ച്ചയായ നാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടവും. ഇരുപതാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് നദാലിനെ കാത്തിരിക്കുന്നത്.

കരിയറില്‍ ഇതുവരെ 55 തവണ ഇരുവരും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. 29 തവണ ജോക്കോവിച്ചും 26 തവണ നദാലും വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഗ്രാന്‍ഡ്സ്ലാം പോരാട്ടങ്ങളില്‍ ആധിപത്യം നദാലിനാണ്. 15 മത്സരങ്ങളില്‍ ഒമ്പത് തവണ വിജയം നദാലിനൊപ്പമായിരുന്നു. ഫ്രഞ്ച് ഓപ്പണിലും നദാലിനാണ് കണക്കുകളില്‍ ആധിപത്യം ഏഴ് തവണ ഇതുവരെ ഏറ്റുമുട്ടിയപ്പോള്‍ ആറ് തവണയും ജയം നദാലിനായിരുന്നു. ഒരു തവണ ജോക്കോവിച്ചും വിജയിച്ചു.

Content Highlights: Novak Djokovic Rafael Nadal final in French Open 2020