മെല്‍ബണ്‍: വാക്സിന്‍ എടുക്കാതെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കളിക്കാനെത്തിയ നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയ വിസ നിഷേധിച്ച സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. 

ജോക്കോവിച്ചിന് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കാന്‍ സാധുവായ വിസയും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സംഘാടകരില്‍ നിന്നുള്ള മെഡിക്കല്‍ ഇളവും ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ താരത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

ഡിസംബറില്‍ തനിക്ക് കോവിഡ് ബാധിച്ചതിന്റെ തെളിവുകള്‍ ഹാജരാക്കി ജോക്കോവിച്ച് മെഡിക്കല്‍ ഇളവ് നേടിയതിന്റെ രേഖകളാണ് താരത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയത്. ഡിസംബര്‍ 16-നാണ് തനിക്ക് കോവിഡ് ബാധിച്ചതെന്നാണ് രേഖയിലുള്ളത്. റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഈ രേഖകള്‍ ഹാജരാക്കിക്കൊണ്ട് ജോക്കോവിച്ച് ഓസ്ട്രേലിയന്‍ ആഭ്യന്തര വകുപ്പില്‍ നിന്ന് അവരുടെ നിര്‍ബന്ധിത വാക്‌സിന്‍ നിയമത്തില്‍ ഇളവ് നേടിയതായി കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പറയുന്നു.

ജനുവരി ആറിനാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിനായി  മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തിലെത്തിയ ജോക്കോവിച്ചിനെ അധികൃതര്‍ തടഞ്ഞത്. വാക്സിനേഷന്‍ രേഖകളോ മെഡിക്കല്‍ ഇളവുകളോ ഹാജരാക്കാന്‍ സാധിക്കാതിരുന്നതോടെ താരത്തിന്റെ വിസ അസാധുവാക്കുകയും ചെയ്തിരുന്നു. 

വിമാനം ഇറങ്ങിയ ജോക്കോയോട് വാക്‌സിന്‍ ഡോസുകള്‍ പൂര്‍ണമായി എടുത്ത സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. വാക്‌സിന്‍ എടുക്കാത്തതിന് കൃത്യമായ ആരോഗ്യകാരണങ്ങള്‍ ബോധ്യപ്പെടുത്തുന്ന തെളിവ് ഹാജരാക്കാന്‍ ജോക്കോയ്ക്ക് കഴിഞ്ഞില്ലെന്നാണ് അന്ന് അധികൃതര്‍ പറഞ്ഞത്. തുടര്‍ന്ന് താരത്തെ കുടിയേറ്റനിയമം ലംഘിച്ചെത്തുന്നവരെ പാര്‍പ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ കോടതിയെ സമീപിച്ച താരത്തിന്റെ അടിയന്തര അപ്പീലിന് ശേഷം അന്തിമ വാദം നടക്കുന്ന തിങ്കളാഴ്ചയ്ക്ക് മുമ്പ് ജോക്കോയെ തിരിച്ചയക്കാന്‍ പാടില്ലെന്ന് ജഡ്ജി ഉത്തരവിടുകയായിരുന്നു.

ഇതിനു പിന്നാലെ താരത്തിന്റെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Content Highlights: Novak Djokovic presented evidence of Covid infection on court application