ന്യൂയോര്‍ക്ക്: അഞ്ച് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ജര്‍മനിയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് അലക്‌സാണ്ടര്‍ സവരേവിനെ തകര്‍ത്ത് സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് യു.എസ് ഓപ്പണ്‍ ഫൈനലില്‍.

ടോക്യോ ഒളിമ്പിക്‌സില്‍ തന്നെ പരാജയപ്പെടുത്തിയ സവരേവിനോട് പകരം ചോദിക്കാനും ഇതോടെ ജോക്കോയ്ക്കായി. സ്‌കോര്‍: 4-6, 6-2, 6-4, 4-6, 6-2.

ഇതോടെ കലണ്ടര്‍ സ്ലാം എന്ന നേട്ടത്തിലേക്ക് താരം ഒരുപടി കൂടി അടുത്തു. 21-ാം റെക്കോഡ് ഗ്രാന്‍ഡ്സ്ലാം നേട്ടവും കലണ്ടര്‍ സ്ലാം എന്ന റെക്കോഡുമാണ് ഒരു ജയത്തിനപ്പുറം ജോക്കോയെ കാത്തിരിക്കുന്നത്.

റഷ്യയുടെ ഡാനില്‍ മെദ്‌വദേവാണ് ഫൈനലില്‍ ജോക്കോവിച്ചിന്റെ എതിരാളി. കാനഡയുടെ ഫെലിക്‌സ് അഗര്‍ അലിയാസ്സിമെയെ പരാജയപ്പെടുത്തിയാണ് മെദ്‌വദേവ് ഫൈനലില്‍ കടന്നത്. 

Content Highlights: Novak Djokovic outplays Alexander Zverev advance into US Open final