ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ചിന് നാടകീയ പുറത്താകല്‍. പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിടെ ഒരു ലൈന്‍ ജഡ്ജിക്ക് നേരെ ആകസ്മികമായി പന്ത് തട്ടിയതിനെ തുടര്‍ന്ന് ടൂര്‍ണ്ണമെന്റില്‍ നിന്ന് അയോഗ്യനാക്കുകയായിരുന്നു.

ആദ്യ സെറ്റില്‍ 5-6 ന് സ്‌പെയിനിന്റെ പാബ്ലോ കാരെനോ ബുസ്റ്റയോട് പരാജയപ്പെട്ട് നില്‍ക്കെയാണ് സംഭവം നടന്നത്. റാക്കറ്റില്‍ നിന്ന് പിന്നിലേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി വനിതാ ലൈന്‍ ജഡ്ജിയുടെ കഴുത്തില്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ അവര്‍ക്ക് സമീപത്തേക്ക് ഓടിയെത്തി ദ്യോക്കോവിച്ച് ആശ്വസിപ്പിച്ചു. പത്ത് മിനിറ്റിന് ശേഷം ടൂര്‍ണ്ണമെന്റ് റഫറിയുമായി ലൈന്‍ ജഡ്ജി ചര്‍ച്ച നടത്തുകയും പാബ്ലോ ബുസ്റ്റ വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു. 

കോര്‍ട്ടില്‍ വെച്ച് മറ്റൊരാള്‍ക്ക് നേരെ പന്തടിച്ചാല്‍ മത്സരത്തില്‍ നിന്ന് അയോഗ്യത നേരിടേണ്ടി വരുമെന്നാണ് നിയമം. 17-ാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടുകൊണ്ടാണ് ദ്യോക്കോവിച്ച് ഇത്തവണ യുഎസിലെത്തിയത്.

ദ്യോക്കോവിച്ച് അയോഗ്യനായതോടെ ക്വാര്‍ട്ടറില്‍ കടന്ന ബുസ്റ്റ 20-ാം സീഡാണ്. 2017-ലെ സെമിഫൈനലിസ്റ്റ് കൂടിയാണ് ബുസ്റ്റ.

Content Highlights: Novak Djokovic out of US Open for accidentally hitting line judge with ball