യു.എസ്. ഓപ്പണില്‍ അട്ടിമറി തുടരുന്നു. നിലവിലെ ചാമ്പ്യന്‍ നവോമി ഒസാക്കയ്ക്ക് പിന്നാലെ ലോക ഒന്നാം നമ്പര്‍ വനിതാതാരം ആഷ്‌ലി ബാര്‍ട്ടിയും യു.എസ്.ഓപ്പണില്‍ നിന്ന് പുറത്തായി. അമേരിക്കയുടെ ഷെല്‍ബി റോജേഴ്‌സാണ് ഓസ്‌ട്രേലിയന്‍ താരത്തെ അട്ടിമറിച്ചത്. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചും ടോക്യോ ഒളിമ്പിക്‌സ് ജേതാവ് അലക്‌സാണ്ടര്‍ സ്വെരേവും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എന്നാല്‍ ലോക ഏഴാം നമ്പര്‍ താരം ഷാപ്പലോപ്പിനും മൂന്നാം റൗണ്ടില്‍ അടിതെറ്റി.

മൂന്നുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് റോജേഴ്‌സ് ബാര്‍ട്ടിയെ കീഴടക്കിയത്. മൂന്നാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. സ്‌കോര്‍: 6-2, 1-6, 7-6. ആദ്യ സെറ്റ് അനായാസം റേജേഴ്‌സ് നേടിയപ്പോള്‍ രണ്ടാം സെറ്റില്‍ ബാര്‍ട്ടി ശക്തമായി തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ ഇരുവരും തുല്യത പാലിച്ചതോടെയാണ് മത്സരം ടൈബ്രേക്കിലേക്ക് നീണ്ടത്. ടൈബ്രേക്കറില്‍ 7-5 എന്ന സ്‌കോറിന് ബാര്‍ട്ടിയെ മുട്ടുകുത്തിച്ച് റോജേഴ്‌സ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. അടുത്ത റൗണ്ടില്‍ 150-ാം റാങ്കുകാരിയായ ബ്രിട്ടന്റെ എമ്മ റഡുകാനുവാണ് താരത്തിന്റെ എതിരാളി.

കലണ്ടര്‍ സ്ലാം ലക്ഷ്യം വെയ്ക്കുന്ന ജോക്കോവിച്ച് ജപ്പാന്റെ കൈ നിഷികോരിയെ കീഴടക്കിയാണ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. മത്സരം നാല് സെറ്റ് നീണ്ടു. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം പിന്നീടുള്ള മൂന്ന് സെറ്റുകള്‍ സ്വന്തമാക്കിയാണ് സെര്‍ബിയന്‍ താരം അവസാന 16-ല്‍ എത്തിയത്.  സ്‌കോര്‍: 6-7, 6-3, 6-3, 6-4. പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ജെന്‍സണ്‍ ബ്രൂക്ക്‌സ്ബിയാണ് താരത്തിന്റെ എതിരാളി. 

നിലവിലെ ഒളിമ്പിക് ജേതാവായ അലക്‌സാണ്ടര്‍ സ്വെരേവ് അമേരിക്കയുടെ ജാക്ക് സോക്കിനെ കീഴടക്കി. നാലാം സെറ്റില്‍ ജാക്ക് സോക്കിന് പരിക്കേറ്റതോടെ സ്വരേവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം പിന്നീടുള്ള രണ്ട് സെറ്റുകള്‍ നേടി സ്വരേവ് മത്സരത്തില്‍ മുന്നിട്ടുനില്‍ക്കുകയായിരുന്നു. നാലാം സെറ്റില്‍ 2-1 എന്ന സ്‌കോറിന് സ്വരേവ് മുന്നിട്ടുനില്‍ക്കുമ്പോഴാണ് സോക്ക് മത്സരത്തില്‍ നിന്നും പിന്മാറിയത്. പ്രീ ക്വാര്‍ട്ടറില്‍ ഇറ്റലിയുടെ 13-ാം സീഡ് ജാന്നിക്ക് സിന്നറാണ് താരത്തിന്റെ എതിരാളി.

ലോക ഏഴാം നമ്പര്‍ താരമായ കാനഡയുടെ ഡെനിസ് ഷാപ്പലോവിനെ സൗത്ത് ആഫ്രിക്കയുടെ സീഡില്ലാ താരം ലോയ്ഡ് ഹാരിസാണ് അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഹാരിസിന്റെ വിജയം. സ്‌കോര്‍: 6-4, 6-4, 6-4. പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കയുടെ റെയ്‌ലി ഒപെല്‍ക്കയാണ് താരത്തിന്റെ എതിരാളി. 

Content Highlights: Novak Djokovic moves on at US Open as top-ranked Ashleigh Barty ousted