ർമയില്ലേ, 2014-ൽ റോളണ്ട് ഗാരോസിൽ മഴ പെയ്ത ആ ദിവസം. ബോൾ ബോയിയുടെ കൈയിൽ നിന്ന് കുട വാങ്ങിപിടിച്ച് ചിരി കൈമാറിയ ആ താരം..തീർത്തും മൂരാച്ചിയെന്ന ഭാവം തോന്നിയിരുന്ന സെർബിയയുടെ നൊവാൻ ജോക്കോവിച്ച്. ടെന്നിസ് പ്രേമികളുടെയെല്ലാം ജോക്കോ.
പക്ഷേ അന്ന് മറ്റൊരു ഭാവമായിരുന്നു ജോക്കോവിച്ചിന്. റാക്കറ്റും പാനീയകുപ്പിയും ജോക്കോ കൈമാറിയപ്പോൾ പകച്ചുപോയി ആ പയ്യൻ.
കാണികളോട് കൈയ്യടിക്കാൻ ജോക്കോ ആംഗ്യം കാണിച്ചു. പിന്നീട് ഇരുവരും ചിയേഴ്സ് പറഞ്ഞ് ചിരിച്ച് ആ പാനീയം നുകർന്നു. കണ്ടവരുടെയെല്ലാം മനസ്സ് നിറച്ച കാഴ്ച്ച.

സ്പോർട്സിൽ ചിലപ്പോൾ അങ്ങനെയുള്ള അസാധാരണ സംഭവങ്ങളുണ്ടാകാറുണ്ട്. അതിർത്തികളെ മായ്ക്കുന്ന ചിലത്. അപ്രവചനീയതയെ സ്നേഹിക്കുന്നവരാണ് സ്പോർട്സ് പ്രേമികൾ. അവരെന്നും തേടുന്നത് ആവർത്തന വിരസതയില്ലാത്ത നീക്കങ്ങളാണ്. അത് നൽകുന്നവരോട് പെട്ടെന്ന് ഇഷ്ടം തോന്നുന്നു. പക്ഷേ, ആ ജോക്കോ തന്നെയാണോ ലൈൻ ഒഫീഷ്യലിന് നേരെ പന്തടിച്ചെന്ന കുറ്റത്തിന് യു.എസ് ഓപ്പണിൽ നാലാം റൗണ്ടിൽ ഇപ്പോൾ അയോഗ്യനാക്കപ്പെട്ടത്? വിശ്വസിക്കാനാകുന്നില്ല. പ്രത്യേകിച്ചും മെഡിറ്റേഷൻ ശീലിക്കുന്ന, പാറ പോലെ ഉറച്ചുനിന്ന് കളിക്കുന്ന ജോക്കോവിച്ചിൽ നിന്ന്. മനപൂർവമായ ചെയ്തിയായി ആരും ഇതിനെ കാണുമെന്ന് തോന്നുന്നില്ല.

ഒരിക്കൽ ഹോപ്മാൻ കപ്പിൽ നാട്ടുകാരിയിയായ അന്ന ഇവാനോവിച്ചുമൊത്ത് ഓപ്പൻ ഗന്നം സ്റ്റൈലിന് നൃത്തംവച്ചത് ഓർക്കുന്നു. ഇത്തരം അപ്രവചനീയത കളികളെ മാറ്റിപ്പണിയുന്നു. കോർട്ടിൽ അത്ഭുതങ്ങൾ രചിക്കുമ്പോഴും ജോക്കോവിന് താരതമ്യേന ആരാധകർ കുറവായിരുന്നു.

ടെന്നീസിൽ ഇതുവരെ കണ്ടതിൽ ഏറ്റവും തികഞ്ഞ കളി കാഴ്ച്ച വെച്ച റോജർ ഫെഡറർ എന്ന ദൈവത്തിന്റെ വെളിച്ചത്തിൽ ജോക്കോ മറഞ്ഞുനിൽക്കുകയാണെന്ന് പറയുന്നതാകും ശരി. തന്റെ ഈ വിരസമായ പ്രതിച്ഛായ മറിക്കടക്കാനുള്ള ശ്രമമായിരുന്നോ ഇത്തരം ചെയ്തികൾ?
മരിയ ഷറപ്പോവയുടെയും ചീഫ് കോച്ച് ആയിരുന്ന ബോറിസ് ബെക്കറുടെയും സർവ് ചെയ്യുന്ന ശൈലിയെ ഒരിക്കൽ അനുകരിച്ചതും ഓർക്കുന്നു.

എന്നാൽ കോർട്ടിലിറങ്ങിയാൽ സ്വതസിദ്ധഭാവം തന്നെ. എത്ര വട്ടം പിന്നിൽ പോയാലും വലിയ ഭാവവ്യത്യാസമില്ലാതെ പൊരുതിക്കേറി വരുന്നവൻ. പതിനേഴ് ഗ്രാന്റ്സ്ലാം കിരീടവുമായി ലോക ഒന്നാം നമ്പർ പദവിയിൽ നിൽക്കുന്നു ഈ അസാധാരണ ജനുസ്സ്.

റോജർ ഫെഡറർ നെറ്റിനടുത്തേക്ക് ഓടിയെത്തി ബോൾ ചെത്തി, ഡ്രോപ് ഷോട്ടിന് മുതിരുമ്പോൾ നമ്മൾ ഉറപ്പായ പോയിന്റ് എന്ന് കണക്ക് കൂട്ടുന്നു. എന്നാൽ ബേസ് ലൈനിൽ നിന്ന് പോലും ഓടിയെത്തി ആ പന്ത് റിട്ടേൺ ചെയ്യുന്ന ഒരാളുണ്ട്, ജോക്കോ..കാളക്കൂറ്റന്റെ വീര്യവുമായി പവർ പ്ലേയുമായെത്തുന്ന നദാൽ പലപ്പോഴും തോറ്റുപോകുന്നതും ജോക്കോയുടെ മുന്നിൽ തന്നെ.

രണ്ടു കൈ കൊണ്ടുമുള്ള ശക്തിയേറിയ ബാക്ക് ഹാന്റ് പായിക്കാൻ നിൽക്കുന്ന ജോക്കോയെ ആണ് ആദ്യം ഓർമവരിക. സെക്കന്റ് സർവ് താരതമ്യേന ദുർബലമാണ്. എന്നാൽ ആദ്യ സെർവിന് കൂടുതൽ കൃത്യത ഉള്ളതിനാൽ പലപ്പോഴും ആ ദൗർബല്യം അദ്ദേഹം മറി കടന്നു.

ഗ്രാന്റ്സ്ലാം റൂൾബുക്ക് പ്രകാരം മനപൂർവമോ അലംഭാവത്തോടെയോ അപകടരമാംവിധം കോർട്ടിനകത്ത് പന്തടിക്കുന്നത് കുറ്റകരമാണ്. പക്ഷേ വീഡിയോ കണ്ടാൽ ഒരിക്കലും ജോക്കോവിച്ച് മനപൂർവം ചെയ്തതായി ബോധ്യപ്പെടില്ല. നിയമം ചിലത് വ്യാഖ്യാനിക്കപ്പെടുന്നത് ഹൃദയം കൊണ്ടായിരിക്കില്ല എന്ന് ആശ്വസിക്കാം.

ടെന്നിസ് കളിക്കാരെ പലപ്പോഴും രണ്ടുതട്ടിലായി തിരിക്കാറുണ്ട്. കഠിനമായ പരിശീലനം കൊണ്ട് മാത്രം പ്രതിഭയുടെ കുപ്പായമണിഞ്ഞ ഒരു വിഭാഗം. ഇവാൻ ലെൻഡൽ, സ്റ്റെഫാൻ എഡ്ബർഗ്, മാറ്റ്സ് വിലാന്റർ, ജിം കുറിയർ, മൈക്കിൾ ചാങ്ങ് തുടങ്ങിയവർ ആ നിരയിലുണ്ട്. എന്നാൽ അസാമാന്യ കഴിവുകളാൽ സ്പോർട്സ് പ്രേമികളുടെ ഹൃദയം കവർന്നവരുണ്ട്. ബോറിസ് ബെക്കർ, ആന്ദ്രേ അഗാസി, റോജർ ഫെഡറർ തുടങ്ങിയവർ ഈ കൂട്ടത്തിലുള്ളവരാണ്.

ഇതിൽ രണ്ടിലും പെടാതെ പ്രതിഭയും അരകിറുക്കും കൊണ്ട് ശ്രദ്ധേയനാണ് ജോൺ മക്കെന്റോ. എന്നാൽ ജൊക്കോവിച്ച് ആ ഫ്രെയിമുകളിൽ ഒന്നിലും പെടുന്നില്ല. ചില നേരം ഫെഡററുടെ പ്രതിഭ, ചില നേരം കടിച്ചുതൂങ്ങി കളിക്കുന്ന ലെൻഡൽ, ചിലപ്പോൾ കോർട്ട് നിറഞ്ഞ്, സ്ട്രെച്ച് ചെയ്ത്, ഡൈവ് ചെയ്ത് ബോൾ റിട്ടേൺ ചെയ്യുന്ന ബെക്കർ. അയാളിൽ നിന്ന് സ്പോർട്സ് പ്രേമികൾ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്.

Content Highlights: Novak Djokovic Hitting Official With Ball US Open Tennis 2020