ന്യൂയോർക്ക്: സെർബിയൻ താരം നൊവാക് ദ്യോകോവിച്ച് ടെന്നീസിൽ ഓരോ ഉയരങ്ങൾ കീഴടക്കികൊണ്ടിരിക്കുകയാണ്. പലപ്പോഴും റോജർ ഫെഡററും റാഫേൽ നദാലും ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിച്ചാണ് ദ്യോകോവിച്ചിന്റെ മുന്നേറ്റം. എന്നാൽ ഈ ദ്യോകോവിച്ച് ഒരുകാലത്ത് ഒരു ടെന്നീസ് താരത്തിന്റെ കടുത്ത ആരാധകനായിരുന്നു. ആരുടേതാണെന്ന് അറിയാമോ?

റഷ്യയുടെ മുൻതാരം മരിയ ഷറപ്പോവയാണ് ദ്യോകോവിച്ചിന്റെ മനസ്സിൽ കൂടുകൂട്ടിയ ആ താരം. ദ്യോകോവിച്ചുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെ ഷറപ്പോവ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുവരും ഒരുമിച്ച് ഡിന്നർ കഴിക്കാൻ പോയ കഥയും ഷറപ്പോവയും ദ്യോകോവിച്ചും പങ്കുവെച്ചു.

ഒരു പ്രദർശന മത്സരത്തിൽ ഷറപ്പോവയും ദ്യോകോവിച്ചും എതിരാളികളായി വന്നു. മിക്സഡ് ഡബിൾസ് മത്സരമായിരുന്നു അത്. ഈ മത്സരത്തിൽ തോറ്റാൽ ഷറപ്പോവ ഡിന്നർ വാങ്ങിത്തരണമെന്ന് ദ്യോകോവിച്ച് പറഞ്ഞു. അന്ന് ദ്യോകോ അറിയപ്പെടുന്ന താരമായി വളർന്നിട്ടില്ല. ഈ ചെറിയ ചെക്കന് മുന്നിൽ തോൽക്കാനോ എന്നാലോചിച്ച് ഷറപ്പോവ സമ്മതം മൂളി. എന്നാൽ ആ ചെറിയ ചെക്കൻ ഷറപ്പോവയെ തോൽപ്പിച്ചു. ഷറപ്പോവ വാക്കുപാലിച്ചു. ഇരുവരും ഡിന്നർ കഴിക്കാൻ പോയി.

റെസ്റ്റോറന്റിലെത്തിയപ്പോൾ ദ്യോകോവിച്ച് തന്റെ പഴയ കൊഡാക് ക്യാമറ എടുത്ത് വെയ്റ്ററോട് ഷറപ്പോവയോടൊപ്പമുള്ള ഫോട്ടോ എടുക്കാനും പറഞ്ഞു. ആ സമയത്ത് ഒരു ആരാധകനെപ്പോലെയാണ് ദ്യോകോ പെരുമാറിയതെന്നും ഷറപ്പോവ ഓർത്തെടുക്കുന്നു. 17 തവണ ഗ്രാൻസ്ലാം നേടിയ താരമാണ് ദ്യോകോവിച്ച്. ഏറെക്കാലത്തെ ഇടവേളക്ക് ശേഷം കോർട്ടിൽ തിരിച്ചെത്തിയ ഷറപ്പോവ ഈ അടുത്താണ് ടെന്നീസിൽ നിന്ന് വിരമിച്ചത്.

content highlights: Novak Djokovic Got Maria Sharapova To Buy Him Dinner