പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിന് ശേഷം ടെന്നീസ് റാക്കറ്റ് കുഞ്ഞു ആരാധകന് സമ്മാനിച്ച് സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ച്. സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെതിരായ ഫൈനലിന് ശേഷം സ്റ്റാന്‍ഡ്‌സിലുണ്ടായിരുന്ന ആരാധകന് നൊവാക്  റാക്കറ്റ് സമ്മാനിക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ കുഞ്ഞു ആരാധകന്‍ തുള്ളിച്ചാടി. 

എന്തിനായിരിക്കും ആ കുഞ്ഞു ആരാധകന് ദ്യോക്കോ റാക്കറ്റ് കൊടുത്തത്. സമ്മാനദാനച്ചടങ്ങിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സെര്‍ബിയന്‍ താരം അതിനുള്ള ഉത്തരം നല്‍കി.

'മത്സരം പൂര്‍ത്തിയാകുന്നതു വരെ അവന്റെ ശബ്ദം എന്റെ ചെവിയിലുണ്ടായിരുന്നു. പ്രത്യേകിച്ച് ഞാന്‍ ആദ്യ രണ്ടു സെറ്റില്‍ പരാജയപ്പെട്ടു നില്‍ക്കുമ്പോള്‍. അവന്‍ എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു. എനിക്ക് തന്ത്രങ്ങളും പറഞ്ഞുതന്നു. പരിശീലകര്‍ പറഞ്ഞുതരുന്നതു പോലെ ആയിരുന്നു അത്. മത്സരശേഷം അവന് റാക്കറ്റ് കൊടുക്കണമെന്ന് ഞാന്‍ അപ്പൊഴേ ഉറപ്പിച്ചിരുന്നു. അത് സ്വീകരിക്കാന്‍ ഏറ്റവും അര്‍ഹന്‍ അവന്‍ തന്നെയാണ്.'

സിറ്റ്‌സിപാസിനെതിരേ ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെടുത്തിയ ദ്യോക്കോ അവസാന മൂന്നു സെറ്റില്‍ തിരിച്ചുവരികയായിരുന്നു. ദ്യോക്കോയുടെ കരിയറിലെ 19-ാം ഗ്രാന്‍സ്ലാം കിരീടമാണിത്. ഇനി വിംബിള്‍ഡണ്‍ കൂടി നേടിയാല്‍ റോജര്‍ ഫെഡററുടേയും റാഫേല്‍ നദാലിന്റേയും 20 ഗ്രാന്‍സ്ലാം എന്ന റെക്കോഡില്‍ ദ്യോക്കോ എത്തും.

Content Highlights: Novak Djokovic gifts his racquet to young fan in stands