പാരിസ്: ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച്ച് ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ നാലാം റൗണ്ടിൽ. 93-ാം റാങ്കുകാരൻ ലിത്വാനിയയുടെ റിക്കാർഡസ് ബെരാങ്കിസിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ദ്യോകോവിച്ചിന്റെ മുന്നേറ്റം.

മുമ്പ് ഏറ്റുമുട്ടിയപ്പോൾ ദ്യോകോവിച്ചിനെതിരേ ഒരു സെറ്റു പോലും നേടിയിട്ടില്ലാത്ത ബെരാങ്കിസിന് ഫ്രഞ്ച് ഓപ്പണിലും മാറ്റമുണ്ടാക്കാനായില്ല. 6-1,6-4,6-1നായിരുന്നു ലിത്വാനിയൻ താരം ദ്യോക്കോയ്ക്ക് മുന്നിൽ വീണത്. ആറു തവണ ദ്യോകോവിച്ച് ബെരാങ്കിസിന്റെ സെർവ് ബ്രേക്ക് ചെയ്തു. 2016-ലെ ചാമ്പ്യനായ ദ്യോകോവിച്ച് 30 വിന്നറുകൾ ഉതിർത്തു.

ഫ്രഞ്ച് ഓപ്പണിലെ ആദ്യ മൂന്നു മത്സരങ്ങളിലും ഒരു സെറ്റു പോലും തോൽക്കാതെയാണ് ദ്യോകോവിച്ച് മുന്നേറുന്നത്. ഇനി നാലാം റൗണ്ടിൽ 19-കാരനായ ഇറ്റാലിയൻ താരം ലോറൻസെ മുസേറ്റിയാണ് ദ്യോകോയുടെ എതിരാളി.

അർജന്റീനാ താരം ഡീഗോ സ്വാർട്സ്മാനും നാലാം റൗണ്ടിലേക്ക് മുന്നേറി. ജർമനിയുടെ ഫിലിപ്പ് കോൾഷ്രയ്ബെറെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സ്വാർട്സ്മാന്റെ മുന്നേറ്റം. രണ്ടു മണിക്കൂറും രണ്ട് മിനിറ്റും മത്സരം നീണ്ടുനിന്നു. സ്കോർ: 6-4,6-2,6-1.

പത്താം സീഡുകാരനായ അർജന്റീനാ താരം കഴിഞ്ഞ വർഷം സെമി ഫൈനലിലെത്തിയിരുന്നു. ജർമൻ താരമായ ജാൻ ലെനാർഡ് സ്റ്റ്രഫാണ് നാലാം റൗണ്ടിൽ സ്വാർട്സ്മാന്റെ എതിരാളി. ഈ മാർച്ചിൽ സ്വാർട്സ്മാൻ അർജന്റീന ഓപ്പൺ കിരീടം സ്വന്തമാക്കിയിരുന്നു.

Content Highlights: Novak Djokovic French Open Tennis Fourth Round