പാരിസ്: റോളണ്ട് ഗാരോസില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന്റെ കിരീടധാരണം. ഞായറാഴ്ച നടന്ന ഫൈനലില്‍ ഗ്രീസിന്റെ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകര്‍ത്താണ് ജോക്കോ കിരീടമുയര്‍ത്തിയത്. 

ജോക്കോവിച്ചിന്റെ 19-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. ഇതോടെ ഓപ്പണ്‍ കാലഘട്ടത്തില്‍ എല്ലാ നാല് ഗ്രാന്‍ഡ്സ്ലാമും രണ്ടു തവണ വീതം നേടുന്ന ആദ്യ താരമെന്ന റെക്കോഡും ജോക്കോ സ്വന്തമാക്കി.

അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടപ്പെട്ട ശേഷം തുടരെ മൂന്ന് സെറ്റുകള്‍ നേടിയാണ് ജോക്കോവിച്ച് കിരീടമുയര്‍ത്തിയത്. സ്‌കോര്‍: 6-7 (6), 2-6, 6-3, 6-2, 6-4. ജോക്കോവിച്ചിന്റെ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീട നേട്ടമാണിത്. 

റോജര്‍ ഫെഡററുടെയും റാഫേല്‍ നദാലിന്റെയും 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന നേട്ടത്തിലേക്ക് ഒരു കിരീടത്തിന്റെ മാത്രം ദൂരത്തിലാണ് ജോക്കോ.

Content Highlights: Novak Djokovic creates history after wins French Open 2021