മെല്‍ബണ്‍: ഏകപക്ഷീയമായ കലാശപ്പോരിനൊടുവില്‍ മെല്‍ബണ്‍ പാര്‍ക്കിലെ കൈയടികളെ സാക്ഷിയാക്കി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ദ്യോക്കോവിച്ചിന്. ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് റാഫേല്‍ നദാലിനെ കീഴടക്കിയാണ് സെര്‍ബിയന്‍ താരത്തിന്റെ കിരീടനേട്ടം. ഒരു ഘട്ടത്തില്‍ പോലും ഒന്നാം സീഡായ ദ്യോക്കോവിച്ചിന് വെല്ലുവിളിയുയര്‍ത്താന്‍ രണ്ടാം സീഡായ റാഫയ്ക്ക് കഴിഞ്ഞില്ല. സ്‌കോര്‍: 6-3, 6-2,6-3.

ദ്യോക്കോയുടെ കരിയറിലെ ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. ആറു വീതം കിരീടങ്ങള്‍ നേടിയിട്ടുള്ള ഇതിഹാസ താരങ്ങളായ റോയ് എമേഴ്‌സണ്‍, റോജര്‍ ഫെഡറര്‍ എന്നിവരെ മറികടന്ന് ദ്യോക്കോ മെല്‍ബണ്‍ പാര്‍ക്കില്‍ പുതിയ ചരിത്രവുമെഴുതി. അതു മാത്രമല്ല, കരിയറില്‍ 15-ാം ഗ്രാന്‍സ്ലാം കിരീടമെന്ന നേട്ടത്തിലുമെത്തി മുപ്പത്തിയൊന്നുകാരന്‍. ഇക്കാര്യത്തില്‍ അമേരിക്കയുടെ പീറ്റ് സാംപ്രസിനെ മറികടന്ന് സെര്‍ബിയന്‍ താരം മൂന്നാമതെത്തി. 20 കിരീടങ്ങളുള്ള റോജര്‍ ഫെഡറര്‍, 16 കിരീടമുള്ള നദാല്‍ എന്നിവര്‍ മാത്രമാണ് ഇനി ദ്യോക്കോയുടെ മുന്നിലുള്ളത്.

നേരത്തെ പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം സെര്‍ബിയന്‍ താരം കോര്‍ട്ടില്‍ നിന്ന് വിട്ടുനിന്നിരുന്നു. തുടര്‍ന്നുള്ള തിരിച്ചുവരവില്‍ തുടര്‍ച്ചയായി മൂന്ന് ഗ്രാന്‍സ്ലാം കിരീടമാണ് ദ്യോക്കോ അക്കൗണ്ടിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണും യു.എസ് ഓപ്പണും നേടിയ സെര്‍ബിയന്‍ താരം ഓസ്‌ട്രേലിയന്‍ ഓപ്പണും നേടി പുതുവര്‍ഷം ഗംഭീരമാക്കി.

 

Content Highlights: Novak Djokovic beats Rafael Nadal to win Australian Open men's final