ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ദ്യോക്കോവിച്ചിന്. ഫൈനലില്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ച് കിരീടം നേടിയത്.
സ്‌കോര്‍ 6-3,7-6,6-3. സെര്‍ബിയന്‍ താരത്തിന്റെ മൂന്നാം യുഎസ് ഓപ്പണ്‍ കിരീടമാണിത്. 

യുഎസ് ഓപ്പണില്‍ 2009-ല്‍ റോജര്‍ ഫെഡററെ വീഴ്ത്തിയ ചരിത്രം ഡെല്‍പെട്രോവിന് കൂട്ടായുണ്ടായിരുന്നു. പക്ഷെ ഇക്കുറി ദ്യോക്കോവിച്ചെന്ന എതിരാളിക്ക് മുന്നില്‍ കരുത്തും ചരിത്രവും പോരാതെ വന്നു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെര്‍ബിയന്‍ താരം ഡെല്‍പൊട്രോയുടെ സ്വപ്നയാത്ര അവസാനിപ്പിച്ചത്. 

ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കിയ ദ്യോക്കോവിച്ചിന് രണ്ടാം സെറ്റില്‍ എതിരാളി കടുത്ത വെല്ലുവിളിയുയര്‍ത്തി. ഒടുവില്‍ 7-6 എന്ന സ്‌കോറിനാണ് സെര്‍ബിയന്‍ താരം സെറ്റ് സ്വന്തമാക്കിയത്. മൂന്നാം സെറ്റ് 6-3 എന്ന സ്‌കോറിന് സ്വന്തമാക്കി ദ്യോക്കോവിച്ച് യുഎസ് ഓപ്പണിലെ മൂന്നാം കിരീടത്തില്‍ മുത്തമിട്ടു. 

കഴിഞ്ഞ വിംബിള്‍ഡണിലും ചാമ്പ്യനായ ദ്യോക്കോവിച്ചിന്റെ പതിനാലാം ഗ്രാന്‍സ്ലാം കിരീടനേട്ടമാണിത്. 

 2009-ലെ യു.എസ് ഓപ്പണു ശേഷം ഡെല്‍ പോട്രോ ആദ്യമായാണ് ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്നത്. 

2014 യു.എസ് ഓപ്പണ്‍ റണ്ണറപ്പായ ജാപ്പനീസ് താരം കെയ് നിഷികോരിയെ തോല്‍പ്പിച്ചാണ് നൊവാക് ദ്യോക്കോവിച്ച് ഫൈനലില്‍ എത്തിയത്.