ബെല്‍ഗ്രേഡ്: കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ രോഗ ഭീഷണി പൂര്‍ണമായും ഒഴിയും മുമ്പ് ടെന്നീസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചതില്‍ ക്ഷമാപണവുമായി സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. 

ജോക്കോവിച്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഡ്രിയ പ്രദര്‍ശന ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത മൂന്നു താരങ്ങള്‍ക്കു പിന്നാലെ കഴിഞ്ഞ ദിവസം ജോക്കോവിച്ചിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ താരം ക്ഷമാപണം നടത്തിയത്.

'ടൂര്‍ണമെന്റ് കാരണമുണ്ടായ ബുദ്ധിമുട്ടിന് ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ടൂര്‍ണമെന്റിന്റെ സംഘാടകരും ഞാനും ചെയ്ത കാര്യങ്ങളെല്ലാം നല്ല ഉദ്ദേശത്തോടും തുറന്ന മനസോടുമായിരുന്നു. ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനുള്ള ആരോഗ്യപരമായ എല്ലാ മുന്‍കരുതലുകളും കൈക്കൊണ്ടിരുന്നുവെന്നും നമ്മുടെ പ്രദേശം നല്ല അവസ്ഥയിലാണെന്നും ഞങ്ങള്‍ വിശ്വസിച്ചു. പക്ഷേ ഞങ്ങള്‍ക്ക് തെറ്റിപ്പോയി. ഇത് വളരെ നേരത്തെയായിപ്പോയി', ജോക്കോവിച്ച് പ്രസ്താവനയില്‍ പറഞ്ഞു.

Novak Djokovic apologises for hosting tennis event amid Covid-19 pandemic

അഡ്രിയ ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയോ പങ്കെടുത്തവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തവരുണ്ടെങ്കില്‍ ഉടന്‍ തന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കണമെന്നും ജോക്കോവിച്ച് ആവശ്യപ്പെട്ടു.

ടൂര്‍ണമെന്റിന്റെ രണ്ടാം പാദം നടന്ന ക്രൊയേഷ്യയില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തിയ ഉടന്‍ ജോക്കോവിച്ചും ഭാര്യയും കോവിഡ് പരിശോധനയ്ക്ക് വിധേയരായിരുന്നു. ഈ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ജോക്കോവിച്ചിന്റെ മക്കളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

നേരത്തെ ടൂര്‍ണമെന്‍രില്‍ പങ്കെടുത്ത ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, ക്രൊയേഷ്യന്‍ താരം ബോര്‍ന കോറിച്ച്, സെര്‍ബിയയുടെ വിക്ടര്‍ ട്രോയിസ്‌ക്കി എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗ്രിഗര്‍ ദിമിത്രോവിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തന്നെ ജോക്കോവിച്ച് സംഘടിപ്പിച്ച ടെന്നീസ് ടൂര്‍ണമെന്റിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സാമൂഹിക അകലം പാലിക്കാതെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്നായിരുന്നു പ്രധാന പരാതി. ജോക്കോവിച്ചിന് പുറമെ ഡൊമിനിക് തീം, അലക്‌സാണ്ടര്‍ സവരേവ് എന്നിവരും ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു. ഗ്രിഗര്‍ ദിമിത്രോവിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം റദ്ദാക്കിയിരുന്നു.

Content Highlights: Novak Djokovic apologises for hosting tennis event amid Covid-19 pandemic