ന്യൂയോർക്ക്: യു.എസ് ഓപ്പണിനിടെ ലൈൻ ജഡ്ജിയുടെ ദേഹത്തേക്ക് പന്തടിച്ച സംഭവത്തിൽ സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് മാപ്പു പറഞ്ഞു.

ഞായറാഴ്ച സ്പാനിഷ് താരം പാബ്ലോ കാരെനോ ബുസ്റ്റയ്ക്കെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. ഇതോടെ താരത്തെ ടൂർണമെന്റിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താരം തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഖേദം പ്രകടിപ്പിച്ചത്.

തന്റെ പെരുമാറ്റത്തിൽ യു.എസ് ഓപ്പൺ ടൂർണമെന്റുമായി ബന്ധപ്പെട്ട എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി ജോക്കോവിച്ച് കുറിച്ചു. തന്റെ പ്രവൃത്തി കാരണം വനിതാ ലൈൻ ജഡ്ജിക്ക് ബുദ്ധിമുട്ട് നേരിട്ടതിൽ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അവരുടെ സ്വാകാര്യതയെ മാനിക്കുന്നതിനാൽ പേര് വെളിപ്പെടുത്തുന്നില്ലെന്നും താരം വ്യക്തമാക്കി.

18-ാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ജോക്കോവിച്ചിനെ ഞായറാഴ്ച കാത്തിരുന്നത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു. ആദ്യ സെറ്റിൽ 5-6 ന് സ്പെയിനിന്റെ പാബ്ലോ കാരെനോ ബുസ്റ്റയോട് പരാജയപ്പെട്ട് നിൽക്കെ നിരാശ കാരണം റാക്കറ്റിൽ നിന്ന് പിന്നിലേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി വനിതാ ലൈൻ ജഡ്ജിയുടെ കഴുത്തിൽ തട്ടുകയായിരുന്നു. ഉടൻ തന്നെ അവർക്ക് സമീപത്തേക്ക് ഓടിയെത്തി ദ്യോക്കോവിച്ച് ആശ്വസിപ്പിച്ചു. പത്ത് മിനിറ്റിന് ശേഷം ടൂർണ്ണമെന്റ് റഫറിയുമായി ലൈൻ ജഡ്ജി ചർച്ച നടത്തുകയും പാബ്ലോ ബുസ്റ്റ വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.

കോർട്ടിൽ വെച്ച് മറ്റൊരാൾക്ക് നേരെ പന്തടിച്ചാൽ മത്സരത്തിൽ നിന്ന് അയോഗ്യത നേരിടേണ്ടി വരുമെന്നാണ് നിയമം.

Content Highlights: Novak Djokovic apologises after hitting line judge with ball at US Open