പാരീസ്: ലോക രണ്ടാം നമ്പർ ടെന്നീസ് താരം നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്ന് പിന്മാറി. ആദ്യ റൗണ്ട് മത്സരത്തിന് ശേഷം മാധ്യമങ്ങളെ കാണാതെ കോർട്ട് വിട്ട ഒസാക്കയ്ക്കെതിരേ നടപടിയെടുക്കുമെന്ന് നാല് ഗ്രാൻസ്ലാം ടൂർണമെന്റുകളുടേയും സംഘാടകർ സംയുക്ത പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഒസാക്ക ടൂർണമെന്റിൽ നിന്ന് പിന്മാറിയത്.

ഒസാക്കയുടെ പിന്മാറ്റത്തെ തുടർന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ പ്രസിഡന്റ് ഗില്ലെസ് മൊറെട്ടൻ ക്ഷമാപണം നടത്തി. സങ്കടകരമായ കാര്യമാണെന്നും മൊറെട്ടൻ പ്രതികരിച്ചു. ജൂണ്‍ രണ്ടിന് റൊമാനിയന്‍ താരം അന ബോഗ്ദാനുമായിട്ടാണ് ഒസാക്കയുടെ രണ്ടാം റൗണ്ട് മത്സരം.

ട്വിറ്ററിലൂടെയാണ് ഒസാക്ക തീരുമാനം അറിയിച്ചത്. തന്റെ ഇടപെടലുകള്‍ മറ്റു താരങ്ങള്‍ക്ക് പ്രശ്‌നമാകരുതെന്നും അവരുടെ കളിയിലുള്ള ഏകാഗ്രത നഷ്ടപ്പെടാന്‍ താന്‍ കാരണമാകരുതെന്നും അതിനാലാണ് പിന്മാറ്റമെന്നും ട്വീറ്റില്‍ ഒസാക്ക പറയുന്നു. നിലപാട് വളരെ കൃത്യമാണെന്നും ഇനിയും മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദം അനുഭവിക്കാന്‍ കഴിയില്ലെന്നും ഒസാക്ക കൂട്ടിച്ചേര്‍ത്തു. 

ഫ്രഞ്ച് ഓപ്പണിലെ ആദ്യറൗണ്ട് ജയത്തിന് ശേഷം മാധ്യമങ്ങളെ കാണാതെ മടങ്ങിയ ഒസാക്കയ്ക്ക് 15000 ഡോളർ പിഴ ചുമത്തിയിരുന്നു. വരുംമത്സരങ്ങളിലും ബഹിഷ്കരണം തുടർന്നാൽ പിഴയും നടപടികളും കനത്തതാകുമെന്ന് ഒസാക്കയ്ക്ക് അയച്ച കത്തിൽ സംഘാടകർ അറിയിച്ചു. 'മാറ്റം ചിലരെ അസ്വസ്ഥരാക്കും' എന്നാണ് ഒസാക്ക ഇതിനോട് പ്രതികരിച്ചത്.

മത്സരശേഷം മാധ്യമങ്ങളെ കാണില്ലെന്ന് ഒസാക്ക ടൂർണമെന്റിന് മുമ്പേ പ്രഖ്യാപിച്ചിരുന്നു. തോൽവിക്കുശേഷമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾ, വീണുകിടക്കുന്നയാളെ തൊഴിക്കുന്നതിന് തുല്യമാണെന്നും അവർ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളോടുള്ള സഹകരണം ഗ്രാൻഡ്സ്ലാമുകളുടെ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി.

Content Highlights: Naomi Osaka withdraws from french open after expulsion threat over media boycott