'മുമ്പൊരിക്കലും ആരുമാവാത്ത വിധം എനിക്ക് മികച്ചതാകണം' ആഗ്രഹങ്ങളെപ്പറ്റി ചോദിച്ച പത്രക്കാര്‍ക്ക് നവോമി ഒസാക്ക രണ്ടുവര്‍ഷം മുമ്പ് നല്‍കിയ മറുപടി ഇതായിരുന്നു. ഈ വാക്കുകള്‍ എവിടെയോ കേട്ടിട്ടുണ്ടെന്നുപറഞ്ഞ മാധ്യമപ്രവര്‍ത്തകനോട് ഒസാക്ക വീണ്ടും പറഞ്ഞു, ''അതേ, നിങ്ങള്‍ കേട്ടിട്ടുണ്ടാവും, ഇത് പോക്ക്‌മോന്റെ തീം പാട്ടിലെ വരികളാണ്. പക്ഷേ, എനിക്ക് മികച്ചവളാവണം, പോകാവുന്ന ദൂരത്തോളം പോകണം''. രണ്ടു വര്‍ഷത്തിനിപ്പുറം ഒസാക്ക തന്റെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തി, യു.എസ്. ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട്.
ഒസാക്കയ്ക്ക് ഇത് ഒരു ജയം മാത്രമല്ല, സ്വപ്നസാക്ഷാത്കാരം കൂടിയാണ്. സെറീനയ്‌ക്കെതിരേ ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കുന്നത് പതിവായി സ്വപ്നം കാണാറുണ്ടായിരുന്നെന്ന് ഈയിടെ ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒസാക്ക പറഞ്ഞു. 1999-ല്‍ മാര്‍ട്ടിന ഹിംഗിസിനെ തോല്‍പ്പിച്ച് സെറീന തന്റെ ആദ്യ ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടം നേടുമ്പോള്‍ രണ്ടു വയസ്സ് മാത്രമായിരുന്നു ഒസാക്കയുടെ പ്രായം.
അമ്മ ജപ്പാന്‍കാരിയും അച്ഛന്‍ ഹെയ്തിക്കാരനുമായതിനാല്‍ ഈ രണ്ട് രാജ്യങ്ങളെയും പ്രതിനിധാനം ചെയ്യാന്‍ സാധിക്കുമായിരുന്നു. അമ്മയുടെ നാടായ ജപ്പാനാണ് 19-ാം റാങ്കുകാരിയായ ഒസാക്ക സ്വീകരിച്ചത്. അതിന് മറ്റൊരു കാരണമുണ്ട്, താരം ജനിച്ചത് ജപ്പാനിലെ ഒസാക്ക എന്ന സ്ഥലത്താണ്. അമ്മ തമക്കിയുടെ പൂര്‍വികര്‍ പേരിനൊപ്പം സ്ഥലപ്പേരും ചേര്‍ത്തിരുന്നു. അങ്ങനെ നവോമിയുടെ പേരിനൊപ്പം ഒസാക്കയെന്ന സ്ഥലപ്പേരും ചേര്‍ന്നു. അതും ജപ്പാനോടുള്ള ഇഷ്ടം വര്‍ധിപ്പിച്ചു.
സ്‌കൂള്‍ പഠനം തുടങ്ങുന്നതിനുമുമ്പ് ഒസാക്കയുടെ കുടുംബം ജപ്പാനില്‍നിന്ന് അമേരിക്കയിലെ ഫ്‌ളോറിഡയിലേക്ക് കൂടുമാറി. അവിടെയായിരുന്നു ടെന്നീസ് അരങ്ങേറ്റം. എതിര്‍ കോര്‍ട്ടില്‍ റാക്കേറ്റേന്താന്‍ ചേച്ചി 'മറി' വന്നതോടെ കളി കാര്യമായി.
സഹോദരിമാര്‍ മികവ് തെളിയിച്ചതോടെ ഇരുവരോടും ജപ്പാനീസ് ടെന്നീസ് അസോസിയേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അച്ഛനും അമ്മയും ആവശ്യപ്പെട്ടു. സിംഗിള്‍സില്‍ വലിയ നേട്ടമുണ്ടാക്കാനായില്ലെങ്കിലും ഡബ്ള്‍സില്‍ ഒസാക്കയുടെ പങ്കാളിയാണിപ്പോള്‍ മറി. വേഗമേറിയ സെര്‍വുകളാണ് ഒസാക്കയുടെ മികവ്. ഈ വേഗതയിലാണ് സെറീനയുടെ അടിതെറ്റിയത്.
Content Highlights: naomi osaka two years old when serena wins first grand slam