പാരിസ്: മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ പിന്മാറിയ ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം നവോമി ഒസാക്ക ആദ്യ പ്രതികരണവുമായി രംഗത്ത്. 

'നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുറച്ച് നാളായി ഫോണ്‍ ഉപയോഗിച്ചിരുന്നില്ല.' - താരം ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു. 

ഫ്രഞ്ച് ഓപ്പണില്‍ മത്സരങ്ങള്‍ക്കു ശേഷം മാധ്യമങ്ങളെ കാണില്ലെന്നു പ്രഖ്യാപിച്ചിരുന്ന ഒസാക്ക ആദ്യ റൗണ്ട് മത്സരത്തിന് ശേഷം മാധ്യമങ്ങളെ കാണാതെ കോര്‍ട്ട് വിട്ടിരുന്നു. ഇതോടെ താരത്തിന് സംഘാടകര്‍ 15000 ഡോളര്‍ പിഴ ചുമത്തി. തുടര്‍ന്നും താരത്തിനെതിരേ നടപടിയെടുക്കുമെന്ന് നാല് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളുടേയും സംഘാടകര്‍ സംയുക്ത പ്രസ്താവനയിലൂടെ മുന്നറിയിപ്പും നല്‍കി. ഇതിന് പിന്നാലെയാണ് ഒസാക്ക ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്.

ഇതിനു പിന്നാലെ മുന്‍ താരങ്ങളടക്കം പല പ്രമുഖരും ഒസാക്കയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Content Highlights: Naomi Osaka reacts to fans after French Open 2021 pullout