മിയാമി: മിയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കിരീടമുയര്‍ത്തി സ്വിസ് താരം റോജര്‍ ഫെഡറര്‍. കരിയറിലെ 101-ാം കിരീട നേട്ടമാണ് ഫെഡറര്‍ മിയാമിയില്‍ കുറിച്ചത്. 50-ാം മാസ്റ്റേഴ്സ് ടൂര്‍ണമെന്റ് ഫൈനലില്‍ കളിച്ച ഫെഡററുടെ 28-ാം കിരീടനേട്ടമാണിത്. 

ഫൈനലില്‍ നിലവിലെ ചാമ്പ്യനായ അമേരിക്കന്‍ താരം ജോണ്‍ ഇസ്‌നറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് 37-കാരനായ ഫെഡററുടെ കിരീടനേട്ടം. സ്‌കോര്‍: 6-1, 6-4. ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ ഡൊമിനിക് തിയെമിനോട് തോറ്റ ഫെഡററുടെ ഉജ്വല തിരിച്ചുവരാണ് മിയാമിയില്‍ കണ്ടത്. അതേസമയം മത്സരത്തിനിടെ ഇടതുകാലിന് പരിക്കേറ്റ ഇസ്‌നര്‍ വേദന സഹിച്ചാണ് രണ്ടാം സെറ്റ് പൂര്‍ത്തിയാക്കിയത്.

ഇക്കാരണത്താല്‍ തന്നെ ഒരു മണിക്കൂറും മൂന്ന് മിനിറ്റും നീണ്ട ഫൈനലില്‍ സ്വിസ് താരത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ഇസ്നര്‍ക്കായില്ല.

മിയാമിയില്‍ ഫെഡററുടെ നാലാം കിരീടമാണിത്. ഈ വര്‍ഷം ഫെഡറര്‍ നേടുന്ന രണ്ടാമത്തെ കിരീടവും. നേരത്തേ ദുബായ് ചാമ്പ്യന്‍ഷിപ്പിലും ഫെഡറര്‍ കിരീടം നേടിയിരുന്നു. അതേസമയം കരിയറില്‍ ഏറ്റവും കൂടുതല്‍ കിരീട നേട്ടമെന്ന റെക്കോഡിലേക്ക് ഫെഡറര്‍ക്ക് അധിക ദൂരമില്ല. 109 കിരീടങ്ങള്‍ നേടിയിട്ടുള്ള ജിമ്മി കോണേഴ്‌സ് ആണ് ഫെഡറര്‍ക്ക് മുന്നിലുള്ളത്.

Content Highlights: Miami open roger federer wins career title no 101