ലണ്ടന്‍: 2020 നിറ്റോ എ.ടി.പി ഫൈനല്‍സ് കിരീടം റഷ്യയുടെ യുവതാരം ഡാനില്‍ മെദ്വെദെവ് സ്വന്തമാക്കി. ഫൈനലില്‍ ഓസ്ട്രിയയുടെ ഡൊമിനിക്ക് തീമിനെയാണ് മെദ്വെദെവ് പരാജയപ്പെടുത്തിയത്. മൂന്നു സെറ്റ് നീണ്ട ആവേശകരമായ മത്സരത്തിനൊടുവിലാണ് താരത്തിന്റെ വിജയം. സ്‌കോര്‍: 4-6, 7-6 (2), 6-4
യു.എസ് ഓപ്പണ്‍ കിരീടം ചൂടി എ.ടി.പി ഫൈനല്‍സ് കിരീടം നേടുന്ന ആദ്യ ഓസ്ട്രിയക്കാരന്‍ എന്ന റെക്കോഡ് സ്വന്തമാക്കാന്‍ ഇറങ്ങിയ തീമിനെ 24 കാരനായ മെദ്വെദെവ് വരിഞ്ഞുകെട്ടി. രണ്ടുമണിക്കൂറും 42 മിനിട്ടും നീണ്ട പോരാട്ടത്തിനൊടുവില്‍, മെദ്വെദെവിന്റെ വീര്യത്തിനുമുന്നില്‍ തീം മുട്ടുകുത്തി. ഈ മത്സരത്തോടെ ലണ്ടനില്‍ നിന്നും എ.ടി.പി ഫൈനല്‍സ് ഇറ്റലിയിലേക്ക് ചേക്കേറി.
അടുത്ത വര്‍ഷം തൊട്ട് ഇറ്റലിയിലെ ടൂറിനിലാണ് മത്സരങ്ങള്‍ നടക്കുക. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എ.ടി.പി ഫൈനല്‍സ് മറ്റൊരു രാജ്യത്ത് നടക്കുന്നത്.
സെമി ഫൈനലില്‍ ഇതിഹാസ താരം സ്‌പെയ്‌നിന്റെ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തിയാണ് മെദ്വെദെവ് ഫൈനലിന് യോഗ്യത നേടുന്നത്. റൗണ്ട് റോബിന്‍ ശൈലിയിലാണ് മത്സരങ്ങള്‍ നടന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ജോക്കോവിച്ചിനെയും താരം പരാജയപ്പെടുത്തിയിരുന്നു.
ടെന്നീസ് റാങ്കിങ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനത്തുനില്‍ക്കുന്ന ജോക്കോവിച്ചിനെയും നദാലിനെയും ഡൊമിനിക്ക് തീമിനെയും ഈ ടൂര്‍ണമെന്റില്‍ മെദ്വെദെവ് പരാജയപ്പെടുത്തിയതോടെ പുതിയൊരു റെക്കോഡ് താരത്തിന് സ്വന്തമായി. ആദ്യ മൂന്നു റാങ്കിലുള്ള താരങ്ങളെ തോല്‍പ്പിച്ച് എ.ടി.പി കിരീടം നേടുന്ന ലോകത്തിലെ നാലാമത്തെ താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. 2007-ല്‍ നല്‍ബാന്‍ഡിയാനാണ് ആദ്യമായി ഈ നേട്ടം കൈവരിച്ചത്
Content Highlights: Medvedev storms back to beat Thiem and claim ATP Finals title