പാരിസ്:  ലൈവ് അഭിമുഖത്തിനിടയില്‍ വനിതാ റിപ്പോര്‍ട്ടറെ ചുംബിച്ച ടെന്നീസ് താരത്തെ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് വിലക്കി. ഫ്രഞ്ച് ടെന്നീസ് താരമായ മാക്‌സിമെ ഹമോവു യൂറോ സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ടറായ മാലി തോമസിനെ ബലം പ്രയോഗിച്ച് ചുംബിക്കുകയായിരുന്നു. യൂറോ സ്‌പോര്‍ട്‌സിന്റെ 'അവന്റാജെ ലെകോന്റെ' എന്ന പരിപാടിക്കിടെയാണ് സംഭവം. 

മാലി തോമസിന്റെ തോളില്‍ കൈയിട്ട് തലയിലും കഴുത്തിലും 21കാരനായ മാക്‌സെമെ ചുംബിക്കുകയായിരുന്നു. അതിനിടയില്‍ മാലി തോമസ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും മാക്‌സെമെയുടെ ചുംബനം തടയാനായില്ല. അതേസമയം മാക്‌സെമിയുടെ ചുംബനം കണ്ട് സ്റ്റുഡിയോയിലുള്ള കമന്റേറ്റർമാർ ചിരിക്കുകയും കൈയടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതും വീഡിയോയില്‍ കാണാം. ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പാബ്ലൊ ക്യുവാസിനോട് മാക്‌സിമെ പരാജയപ്പെട്ടിരുന്നു. 

റിപ്പോര്‍ട്ടുള്ള അപമര്യാദയായ പെരുമാറ്റത്തിന്റെ പേരില്‍ മാക്‌സിമെയുടെ അക്രിഡിറ്റേഷന്‍ റദ്ദാക്കാന്‍ ടൂര്‍ണമെന്റ് മാനേജ്‌മെന്റ് തീരുമാനിച്ചതായി ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ വ്യക്തമാക്കി. ഫെഡറേഷന്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനനുസരിച്ച് മറ്റു ശിക്ഷാനടപടികളിലേക്ക് നീങ്ങുമെന്നും ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ അറിയിച്ചു. 

താന്‍ ലൈവില്‍ അല്ലായിരുന്നെങ്കില്‍ മാക്‌സിമെയെ ഇടിക്കുമായിരുന്നെന്നും അഭിമുഖം അങ്ങേയറ്റം അരോചകമായിരുന്നുവെന്നും മാലി തോമസ് പ്രതികരിച്ചു. ലോക റാങ്കിങ്ങില്‍ 287-ാം റാങ്കിലുള്ള മാക്‌സിമെ ഫ്രഞ്ച് ഓപ്പണില്‍ വൈല്‍ഡ് കാര്‍ഡിലൂടെയാണ് മത്സരിച്ചത്.