ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ഫൈനലിനിടെ സെറീന വില്ല്യംസ് ചെയര്‍ അമ്പയറോട് മോശമായി പെരുമാറിയത് തെറ്റ് തന്നെയാണെന്ന് മുന്‍ താരം മാര്‍ട്ടിന നവരത്തിലോവ. പക്ഷേ ഇക്കാര്യത്തില്‍ ലിംഗവിവേചനമുണ്ടെന്നും അത് ടെന്നീസില്‍ മാത്രമല്ലെന്നും നവരത്തിലോവ വ്യക്തമാക്കി. ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടം 18 തവണ നേടിയ താരമാണ് നവരത്തിലോവ. 

ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് അറുപത്തിയൊന്നുകാരിയായ നവരത്തിലോവയുടെ പ്രതികരണം. ചെയര്‍ അമ്പയര്‍ കാര്‍ലോസ് റാമോസിനെ കള്ളനെന്ന് വിളിച്ച സെറീനയ്ക്ക് ഒരു ഗെയിം പെനാല്‍റ്റിയാണ് ശിക്ഷ കിട്ടിയത്. കോര്‍ട്ടിലെ സെറീനയുടെ പെരുമാറ്റം ആരും പ്രോത്സാഹിപ്പിക്കില്ലെന്നും നവരത്തിലോവ ലേഖനത്തില്‍ പറയുന്നു. 

അതേസമയം സെറീന ഉയര്‍ത്തിയ ലിംഗവിവേചനം യാഥാര്‍ത്ഥ്യമാണെന്നും നവരത്തിലോവ വ്യക്തമാക്കുന്നു. 'ലിംഗവിവേചനമുണ്ടെന്ന് സെറീന പറയുന്നത് യാഥാര്‍ഥ്യമാണ്. കോര്‍ട്ടിലെ പെരുമാറ്റം മോശമായാല്‍ അത് സ്ത്രീയാണെങ്കില്‍ ശിക്ഷയുറപ്പാണ്. അതേസമയം പുരുഷതാരങ്ങള്‍ക്ക് പലപ്പോഴും ഇത് ബാധകമല്ല. അതിരുവിട്ട് പെരുമാറിയാല്‍ ആരായാലും ശിക്ഷിക്കണം. ഈ വിവേചനം ടെന്നിസില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല.'

Content Highlights: Martina Navratilova On Row Over Serena Williams US Open 2018