ജനീവ: സ്വിസ് താരം മാര്‍ട്ടിന ഹിംഗിസ് ടെന്നീസില്‍ നിന്ന് വിരമിക്കുന്നു. ഈ ആഴ്ച്ചയില്‍ നടക്കുന്ന ഡബ്ല്യു.ടി.എ ഫൈനല്‍സിന് ശേഷം വിരമിക്കുമെന്ന് ഹിംഗിസ് വ്യക്തമാക്കി.

ലോക ടെന്നീസ് ഡബിള്‍സില്‍ ഒന്നാം റാങ്കുകാരിയും അഞ്ചു തവണ ഗ്രാന്‍സ്ലാം സിംഗിള്‍സ് ചാമ്പ്യനുമാണ് ഹിംഗിസ്. 2003ല്‍ 22-ാം വയസ്സില്‍ നേരത്തെ സ്വിസ് താരം വിരമിച്ചിരുന്നു. എന്നാല്‍ 2007ല്‍ വീണ്ടും കോര്‍ട്ടിലേക്ക് തിരിച്ചുവരികയായിരുന്നു.

ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍, യു.എസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം നേടി ഹിംഗിസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. ഇത് വിരമിക്കാനുള്ള കൃത്യമായ സമയമാണെന്നും സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തുന്നതാണ് നല്ലതാണെന്നും ഹിംഗിസ് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.

1996ലെ വിംബിള്‍ഡണ്‍ ഡബിള്‍സ് മത്സരം വിജയിച്ച് ഗ്രാന്‍സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഹിംഗിസ് നേടിയിരുന്നു. അന്ന് യെലേന സുകോവയ്‌ക്കൊപ്പം ഡബിള്‍സ് കിരീടം നേടുമ്പോള്‍ ഹിംഗിസിന്റെ പ്രായം പതിനഞ്ചായിരുന്നു.  

1997ല്‍ പതിനാറാം വയസ്സില്‍ ഹിംഗിസ് സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായി. ആ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍, യു.എസ് ഓപ്പണ്‍ കിരീടങ്ങള്‍ നേടിയാണ് ഹിംഗിസ് ഒന്നാമതെത്തിയത്. പിന്നീട് രണ്ട് ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ കൂടി സ്വിസ് താരം നേടി. 1998, 1999 വര്‍ഷങ്ങളില്‍ നേടിയ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങളായിരുന്നു അത്. പക്ഷേ ഫ്രഞ്ച് ഓപ്പണ്‍ മാത്രം നേടാന്‍ ഹിംഗിസിനായിട്ടില്ല. 1997ലും 99ലും ഫൈനലില്‍ സ്വിസ് താരത്തിന് തോല്‍വി നേരിട്ടു. 

ഗ്രാന്‍സ്ലാം ഡബിള്‍സില്‍ 16 ഫൈനല്‍ കളിച്ച ഹിംഗിസിന്റെ അക്കൗണ്ടില്‍ 13 കിരീടങ്ങളുണ്ട്. ഡബിള്‍സില്‍ സാനിയ മിര്‍സയ്‌ക്കൊപ്പവും മിക്‌സഡ് ഡബിള്‍സില്‍ മഹേഷ് ഭൂപതിക്കും ലിയാണ്ടര്‍ പേസിനൊപ്പവും ഹിംഗിസ് കിരീടം ചൂടി. സാനിയ മിര്‍സക്കൊപ്പം മൂന്ന് കിരീടവും മഹേഷ് ഭൂപതിക്കൊപ്പം ഒരു കിരീടവുമാണ് ഹിംഗിസിന്റെ അക്കൗണ്ടിലുള്ളത്. നാല് കിരീടങ്ങള്‍ പേസിനൊപ്പവും സ്വിസ് താരം നേടി.