ന്യൂയോര്‍ക്ക്: അഞ്ചു തവണ ഗ്രാന്‍സ്ലാം കിരീടം നേടിയ മരിയ ഷറപ്പോവ അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക താരങ്ങളില്‍ ഒരാളാണ് ഷറപ്പോവ. വോഗ് ആന്റ് വാനിറ്റി ഫെയര്‍ മാഗസിനായി എഴുതിയ ക്‌സ്‌ക്ലൂസീവ് ആര്‍ട്ടിക്കിളിലൂടെയാണ് 32-കാരി വിരമിക്കില്‍ പ്രഖ്യാപിച്ചത്. 

'ടെന്നീസ്...ഞാന്‍ നിന്നോട് വിട പറയുന്നു' എന്ന തലക്കെട്ടോടെയാണ് ഷറപ്പോവയുടെ ആര്‍ട്ടിക്ക്ള്‍. കൗമാരപ്രായത്തില്‍ ടെന്നീസ് കോര്‍ട്ടിലെത്തി ലോക ഒന്നാം നമ്പര്‍ താരമായി വളര്‍ന്ന റഷ്യന്‍ താരം നിലവില്‍ 373-ാം റാങ്കിലാണ്. 2016-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഷറപ്പോവ 15 മാസം വിലക്ക് നേരിട്ടിരുന്നു. അതിനുശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ ഷറപ്പോവയ്ക്ക് തിളങ്ങാനായില്ല. തോളിനേറ്റ പരിക്കും താരത്തെ അലട്ടിയിരുന്നു.

Read More: സെറീനയുടെ പവര്‍ ടെന്നീസിനെ മധുരപ്പതിനേഴിന്റെ തിളക്കത്തില്‍ തറപറ്റിച്ചവള്‍

2004-ല്‍ പതിനേഴാം വയസ്സില്‍ വിംബിള്‍ഡണ്‍ കിരീടം നേടിയാണ് ഷറപ്പോവ താരമായത്. ഈ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന റെക്കോഡും അന്ന് ഷറപ്പോവ സ്വന്തമാക്കി. 2005-ല്‍ ലോക ഒന്നാം നമ്പറായ റഷ്യക്കാരി അടുത്ത വര്‍ഷം യു.എസ് ഓപ്പണ്‍ കിരീടം നേടി.

എന്നാല്‍ 2007 മുതല്‍ തോളിനേറ്റ പരിക്ക് ഷറപ്പോവയ്ക്ക് തിരിച്ചടിയായി. 2008-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തിലൂടെ തിരിച്ചെത്തിയെങ്കിലും പരിക്ക് വീണ്ടുമെത്തി. ഇതോടെ ആ വര്‍ഷത്തെ യു.എസ് ഓപ്പണും ബെയ്ജിങ് ഒളിമ്പിക്‌സും താരത്തിന് നഷ്ടപ്പെട്ടു. 2012-ല്‍ തിരിച്ചുവന്ന ഷറപ്പോവ ഫ്രഞ്ച് ഓപ്പണ്‍ നേടി കരിയര്‍ ഗ്രാന്‍സ്ലാം പൂര്‍ത്തിയാക്കി. ഈ നേട്ടത്തിലെത്തുന്ന പത്താമത്തെ വനിതാ ടെന്നീസ് താരവുമായി. ആ വര്‍ഷം ഒളിമ്പിക്‌സില്‍ വെള്ളി മെഡലും അക്കൗണ്ടിലെത്തിച്ചു. 2014-ല്‍ ഷറപ്പോവ വീണ്ടും ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു. 

Content Highlights: Maria Sharapova Announces Retirement From Tennis