ന്യൂഡല്‍ഹി: മഹേഷ് ഭൂപതി വല്ലാത്ത കുടുക്കിലാണ് പെട്ടത്. ഡേവിസ് കപ്പ് ടെന്നീസില്‍ പാകിസ്താനില്‍ പോയി കളിക്കാന്‍ തയ്യാറല്ലെന്ന് ഭൂപതി പ്രഖ്യാപിച്ചതോടെ അഖിലേന്ത്യാ ടെന്നീസ് അസോസിയേഷന്‍ അദ്ദേഹത്തെ മാറ്റി രോഹിത് രാജ്പാലിനെ നോണ്‍ പ്ലെയിങ് ക്യാപ്റ്റനാക്കി. അതിനിടെയാണ് പാകിസ്താനിലെ കളി മാറ്റി അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ നിഷ്പക്ഷ വേദി തീരുമാനിച്ചത്. 

അതോടെ, ഭൂപതി ഇടഞ്ഞു. താന്‍ തന്നെയാണ് ക്യാപ്റ്റനെന്നും പിന്‍മാറില്ലെന്നുമാണ് ഭൂപതി പറയുന്നത്. താന്‍ റെഡിയായിരിക്കുമ്പോള്‍ വേറെ ആളെ അന്വേഷിക്കുന്നതെന്തിന്? നിഷ്പക്ഷ വേദി പ്രഖ്യാപിക്കുംമുമ്പ് പുതിയ ക്യാപ്റ്റനെ തീരുമാനിച്ചത് ശരിയായില്ലെന്നും ഭൂപതി കുറ്റപ്പെടുത്തി.

സുരക്ഷാപ്രശ്‌നങ്ങള്‍ കാരണം ഇസ്ലാമാബാദില്‍ കളിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് വേദി മാറ്റാന്‍ അന്താരാഷ്ട്ര ഫെഡറേഷന്‍ സമ്മതിച്ചത്.

Content Highlights: Mahesh Bhupathi Davis Cup Tennis