ന്യൂയോർക്ക്: ലൈൻ റഫറിയുടെ (ലൈൻസ് വുമൺ) ദേഹത്തേക്ക് പന്തടിച്ചതിനെ തുടർന്ന് യു.എസ് ഓപ്പണിൽ നിന്ന് സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ ലൈൻ റഫറിക്കെതിരേ താരത്തിന്റെ ആരാധകരുടെ സൈബർ ആക്രമണം.

യു.എസ് ഓപ്പണിൽ ഞായറാഴ്ച നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. റാക്കറ്റിൽ നിന്ന് പിന്നിലേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി ലൈൻസ് വുമണിന്റെ കഴുത്തിൽ തട്ടുകയായിരുന്നു. ഇതോടെയാണ് താരത്തെ അയോഗ്യനാക്കിയത്.

എന്നാൽ ഇതിനു പിന്നാലെ സെർബിയൻ മാധ്യമങ്ങൾ ഈ ലൈൻസ് വുമണിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വെളിപ്പെടുത്തിയിരുന്നു. സംഭവത്തെ തുടർന്ന് പ്രകോപിതരായ ജോക്കോവിച്ച് ആരാധകർ അവർക്കെതിരേ സൈബർ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

എന്നാൽ ലൈൻസ് വുമണിനെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജോക്കോവിച്ച് തന്നെ രംഗത്തെത്തി. ആരാധകരോട് സംയമനം പാലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

അവർ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ആ ലൈൻസ് വുമണിന് ടെന്നീസ് ലോകത്തിന്റെ പിന്തുണ ആവശ്യമാണെന്നും ജോക്കോവിച്ച് വ്യക്തമാക്കി.

Content Highlights: lineswoman faces angry backlash from Novak Djokovic fans