1970 -കളുടെ രണ്ടാംപാദം. പുരുഷ ടെന്നീസില്‍ അന്ന് രണ്ട് വികൃതിപ്പയ്യന്മാരേയുള്ളൂ. ഒന്നാമന്‍ സാക്ഷാല്‍ ഇലിയ നസ്താസ. നാക്കിന് എല്ലില്ലാത്തയാള്‍ (റൊമാനിയക്കാരന്‍ നസ്താസയ്ക്ക് വയസ്സുകാലത്തും മാറ്റമൊന്നുമില്ലെന്ന് സെറീന വില്യംസിന്റെ കുട്ടിയെക്കുറിച്ച് പറഞ്ഞ വിവാദ കമന്റിലൂടെ അദ്ദേഹം തെളിയിച്ചു). അടുത്തത് അദ്ദേഹത്തിന്റെ അടുത്ത കൂട്ടുകാരന്‍ ജിമ്മി കോണേഴ്സ്. ഇരുവരും അരങ്ങുതകര്‍ത്തിരുന്ന വേദിയിലേക്കാണ് മറ്റൊരു അമേരിക്കക്കാരന്റെ വരവ്. സെര്‍വ് ആന്‍ഡ് വോളിയുടെ സുന്ദര ടെന്നീസിലൂടെ അവന്‍ ആരാധകരെ കയ്യിലെടുത്തു. അതിനൊപ്പം, ലൈന്‍സ്മാനോട് പൊട്ടിത്തെറിച്ചും ദേഷ്യം അടക്കാനാകാതെ റാക്കറ്റ് വലിച്ചെറിഞ്ഞും അവരെ വെറുപ്പിച്ചു. ബ്രാറ്റ് (വികൃതി) എന്ന് വിളിക്കുമ്പോഴും അവനെ ആരാധകര്‍ സ്‌നേഹിച്ചിരുന്നു. 

ജോണ്‍ മക്കെന്റോ എന്ന,  ടെന്നീസിലെ വികൃതിപ്പയ്യനെ ആളുകള്‍ ഒരേസമയം സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്തു.  ആധുനിക ടെന്നീസ് റോബോട്ടുകളെപ്പോലുള്ള താരങ്ങളെക്കൊണ്ട് (റോജര്‍ ഫെഡററാണ് അപവാദം) നിറഞ്ഞിടത്താണ് ജോണ്‍ മക്കെന്റോയുടെ പ്രസക്തി.

1977-ലെ വിംബിള്‍ഡണിലായിരുന്നു രാജകീയമായ ആ രംഗപ്രവേശം. പ്രൊഫഷണല്‍ താരങ്ങളുടെയിടയില്‍ മത്സരിക്കാനെത്തിയ അമച്വര്‍ പയ്യന്‍. നീട്ടിവളര്‍ത്തിയ ചുരുളന്‍മുടിയും തലയിലൊരു ഹെഡ് ബാന്‍ഡുമായി ആ ടീനേജുകാരന്‍  പുല്‍ക്കോര്‍ട്ടിനെ തീപ്പിടിപ്പിച്ചു. കേളീശൈലികൊണ്ടും കോര്‍ട്ടിലെ വിസ്‌ഫോടനപ്രകടനംകൊണ്ടും അക്ഷരാര്‍ഥത്തിലൊരു തീപ്പിടിപ്പിക്കല്‍തന്നെയായിരുന്നു അത്. 

അന്ന് സെമി ഫൈനലില്‍ സാക്ഷാല്‍ ജിമ്മി കോണേഴ്സിനോട് തോറ്റെങ്കിലും ഭാവിയിലെ വമ്പന്‍താരത്തിന്റെ മിന്നലൊളികള്‍ കാണികള്‍ അവനില്‍ കണ്ടു. അവരുടെ ധാരണ അസ്ഥാനത്തായില്ല. സാക്ഷാല്‍ ബോണ്‍ ബോര്‍ഗിനെയും ജിമ്മി കോണേഴ്സിനെയുമൊക്കെ മറികടന്ന് അവന്‍ ലോക ഒന്നാംനമ്പര്‍ കസേരയില്‍ കയറിയിരുന്നു. നാല് യു.എസ്. ഓപ്പണ്‍ കിരീടങ്ങളും മൂന്ന് വിംബിള്‍ഡണ്‍ കിരീടങ്ങളുമടക്കം ഏഴ് ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ സ്വന്തമാക്കി. വര്‍ഷാവസാന ടൂര്‍ണമെന്റുകളില്‍ എട്ട് സിംഗിള്‍സ് കിരീടങ്ങളും മക്കെന്റോ സ്വന്തമാക്കി. ടെന്നീസ്ലോകം കണ്ട എക്കാലത്തെയും മികച്ച താരമെന്ന പ്രയാണത്തിലേക്കായിരുന്നു അവന്റെ  യാത്ര. അത് സാക്ഷാത്കരിക്കാനായില്ലെങ്കിലും മക്കെന്റോ ടെന്നീസില്‍ തന്റെതായ സ്ഥാനം നേടി.

കായികതാരമാകാന്‍ ജനിച്ചയാള്‍

സ്പോര്‍ട്സ് എന്നാല്‍ മക്കെന്റോയ്ക്ക് ജീവനായിരുന്നു. തന്റെ ആദ്യ ആത്മകഥയായ  'യു കനോട്ട് ബി സീരിയസി'ല്‍ അത് വ്യക്തമാക്കുന്നു. ടെന്നീസ് താരമായില്ലെങ്കില്‍ മറ്റേതെങ്കിലുമൊരു കായികരംഗത്ത് കണ്ടേനേ എന്ന് കാര്യകാരണസഹിതം പറയുന്നു. ചെറുപ്പത്തില്‍ ടെന്നീസിനൊപ്പം ബാസ്‌കറ്റ്ബോളിലും സോക്കറിലുമെല്ലാം  ഒരുകൈ നോക്കി. ടെന്നീസ് കളിക്കാരനാകാനായിരുന്നു നിയോഗം. അതിനോട് നൂറുശതമാനം നീതിപുലര്‍ത്താനുമായി. 1959-ല്‍ പശ്ചിമ ജര്‍മനിയിലെ വീസ്ബാനിലായിരുന്നു മക്കെന്റോയുടെ ജനനം. അച്ഛന്‍ ജോണ്‍ പാട്രിക് സീനിയര്‍ അവിടത്തെ അമേരിക്കന്‍ സേനയില്‍ ഉദ്യോഗസ്ഥനായിരുന്നു. അമ്മ കേ. അവരുടെ മൂത്ത പുത്രനായിരുന്നു ജോണ്‍. ജോണിന് ഒമ്പതുമാസം പ്രായമുള്ളപ്പോള്‍ അച്ഛന് സ്ഥലംമാറ്റം ലഭിച്ചതോടെ അമേരിക്കയിലേക്ക് മടങ്ങി. തുടര്‍ന്ന് ന്യൂയോര്‍ക്കിനടുത്തുള്ള ക്വീന്‍സിലായി കുടുംബത്തിന്റെ താമസം.

Life Story Of John McEnroe
എട്ടാംവയസ്സിലാണ് ജോണ്‍ ടെന്നീസിലേക്ക് തിരിയുന്നത്. ചെറുപ്രായത്തില്‍തന്നെ ജൂനിയര്‍ തലത്തില്‍ മികവുകാട്ടാനായി. ന്യൂയോര്‍ക്കിലെ പോര്‍ട്ട് വാഷിങ്ടണ്‍ ടെന്നീസ് അക്കാദമിയിലെ പരിശീലനവും മാതാപിതാക്കളുടെ ഉറച്ച പിന്തുണയും കൂടിയായപ്പോള്‍ വളര്‍ച്ച വേഗത്തിലായി.

ബ്രേക് ത്രൂ

1977ലാണ് മക്കെന്റോ പ്രശസ്തിയിലേക്കുയരുന്നത്. അക്കുറി ഫ്രഞ്ച് ഓപ്പണില്‍ അമേരിക്കക്കാരിയും തന്റെ കൂട്ടുകാരിയുമായ മേരി കാരിലോയ്‌ക്കൊപ്പം മിക്സഡ് ഡബ്ള്‍സ് കിരീടം നേടി മക്കെന്റോ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം നേടി. അക്കൊല്ലത്തെ വിംബിള്‍ഡണ്‍ അദ്ഭുതങ്ങള്‍ കരുതിവെച്ചു. പതിനെട്ടുകാരന്‍ പയ്യന്‍ സെമിയില്‍ കടന്നതുതന്നെ റെക്കോഡായി. വിംബിള്‍ഡന്റെ ചരിത്രത്തില്‍ സെമിയില്‍ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. സെമിയില്‍ സാക്ഷാല്‍ ജിമ്മി കോണേഴ്സിനോട് തോറ്റെങ്കിലും മക്കെന്റോ എന്ന പേര് ടെന്നീസ് ലോകത്ത് പരിചിതമായി. 
ടെന്നീസ് സ്‌കോളര്‍ഷിപ്പോടെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ ചേര്‍ന്ന് തന്റെ ടീമിനെ നാഷണല്‍ കോളേജിയറ്റ് അത്ലറ്റിക് അസോസിയേഷന്‍ (എന്‍.സി.എ.എ.) ചാമ്പ്യന്‍മാരാക്കി. വൈകാതെ അമേരിക്കയുടെ ഡേവിസ് കപ്പ് ടീമില്‍ ഇടംപിടിച്ചു. അവരെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

വിജയക്കുതിപ്പുകള്‍

ഒരുവര്‍ഷത്തെ കോളേജ് പഠനശേഷം മക്കെന്റോ പ്രൊഫഷണല്‍ ടെന്നീസിലേക്ക് ചുവടുവെച്ചു. വൈകാതെ കൂട്ടുകാരനും റോള്‍മോഡലുമായ വിറ്റാസ് ജെറുലൈറ്റിസിനെ തോല്‍പ്പിച്ച് കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം. 1979-ലെ യു.എസ്.ഓപ്പണായിരുന്നു വേദി. ഇതിനിടയില്‍ ജിമ്മി കോണേഴ്സിനെയും അന്നത്തെ ഒന്നാംനമ്പര്‍താരം ബ്യോണ്‍ ബോര്‍ഗിനെയുമൊക്കെ തോല്‍പ്പിച്ചു. 1980-ലെ വിംബിള്‍ഡണ്‍ ഫൈനലില്‍ ബോര്‍ഗും മക്കെന്റോയും മുഖാമുഖം വന്നു. 
ടെന്നീസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മത്സരങ്ങളിലൊന്നെന്ന പേര് സ്വന്തമാക്കിയ ആ പോരാട്ടത്തില്‍ ബോര്‍ഗാണ് വിജയിച്ചതെങ്കിലും മക്കെന്റോയുടെ പോരാട്ടവീര്യവും ടെന്നീസ് ഇതിഹാസങ്ങളില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു (1- 6, 7- 5, 6- 3, 6- 7, 8- 6). മത്സരത്തിന്റെ നാലാംസെറ്റിലെ ടൈ ബ്രേക്കര്‍ 20 മിനിറ്റ് നീണ്ടു (18- 16).  അഞ്ച് ചാമ്പ്യന്‍ഷിപ് പോയിന്റുകള്‍ രക്ഷിച്ചെടുത്താണ് മക്കെന്റോ സെറ്റ് നേടിയത്. അന്നത്തെ പോരാട്ടത്തോടെ മക്കെന്റോ-ബോര്‍ഗ് മത്സരങ്ങള്‍ പുതിയൊരു തലത്തിലേക്കുയര്‍ന്നു.

വൈകാതെ യു.എസ്.ഓപ്പണില്‍  ഇരുവരും വീണ്ടും മുഖാമുഖം വന്നു. അക്കുറി വിജയം മക്കെന്റോയ്‌ക്കൊപ്പം നിന്നു (7- 6, 6- 1, 6 -7, 5- 7, 6- 4). ബോര്‍ഗിനുമേല്‍ മക്കെന്റോയുടെ ആധിപത്യത്തിന്റെ തുടക്കമായിരുന്നു ഇത്.

അടുത്തവര്‍ഷം വിംബിള്‍ഡണ്‍ ഫൈനലിലും ഇരുവരും നേര്‍ക്കുനേര്‍ വന്നു. ഇക്കുറി നാല് സെറ്റില്‍ വിജയം മക്കെന്റോയ്‌ക്കൊപ്പം നിന്നു. ബോര്‍ഗിന്റെ തുടര്‍ച്ചയായ അഞ്ചുവര്‍ഷത്തെ വിംബിള്‍ഡണ്‍ വിജയപരമ്പരയ്ക്ക് ഇതോടെ അവസാനമായി. യു.എസ്. ഓപ്പണിലും ബോര്‍ഗിനെ കീഴടക്കി മക്കെന്റോ ജേതാവായി. ഇതോടെ ബില്‍ ടില്‍ഡനുശേഷം തുടരെ മൂന്നുവട്ടം യു.എസ്. ഓപ്പണ്‍ നേടുന്ന താരമെന്ന ബഹുമതിയും മക്കെന്റോ നേടി. അന്ന് ഫൈനലില്‍ തോറ്റ ബോര്‍ഗ് പാതി പാടി നിര്‍ത്തിയ ഒരു സുന്ദരഗാനംപോലെ കരിയര്‍ അവസാനിപ്പിച്ചു. 1982-ല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളൊന്നും നേടാന്‍ മക്കെന്റോയ്ക്കായില്ല. പക്ഷേ, അടുത്തവര്‍ഷം ക്രിസ് ലൂയിസിനെ തോല്‍പ്പിച്ച് തന്റെ രണ്ടാം വിംബിള്‍ഡണ്‍ കിരീടം നേടി. 

ലോകം കാല്‍ച്ചുവട്ടില്‍

മക്കെന്റോയുടെ രണ്ടാം ആത്മകഥയായ  'ബട്ട് സീരിയസ്ലി'യുടെ ആമുഖമായി അദ്ദേഹം എന്നും കണ്ടുണരുന്ന ഒരു ദുഃസ്വപ്‌നത്തെക്കുറിച്ച് പറയുന്നുണ്ട്. മക്കെന്റോ ടെന്നീസ്ലോകം കീഴടക്കിയ വര്‍ഷമായിരുന്നു 1984. അക്കൊല്ലം കളിച്ച 85 മത്സരങ്ങളില്‍ 82-ലും അദ്ദേഹം ജയിച്ചു. കരിയറിലെ മൂന്നാം വിംബിള്‍ഡണ്‍ കിരീടം കോണേഴ്സിനെയും നാലാം യു.എസ്. ഓപ്പണ്‍ കിരീടം ഇവാന്‍ ലെന്‍ഡലിനെയും തോല്‍പ്പിച്ച് സ്വന്തമാക്കിയ വര്‍ഷം. പക്ഷേ, അക്കൊല്ലം കൈപ്പിടിയില്‍നിന്ന് ഫ്രഞ്ച് ഓപ്പണ്‍ നഷ്ടമായി.
കരിയറിലാദ്യമായാണ് മക്കെന്റോ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലെത്തുന്നത്. ലെന്‍ഡലിനെതിരായ ആദ്യ രണ്ട് സെറ്റും നേടി മൂന്നാം സെറ്റ് മുന്നിട്ടുനില്‍ക്കുകയാണ് മക്കെന്റോ. അദ്ദേഹത്തിന്റെ വിജയാഘോഷത്തിനായി കൂട്ടുകാര്‍ ഒരുങ്ങിക്കഴിഞ്ഞു. 

അതിനിടയിലാണ് ഒരു ടി.വി. ക്യാമറാമാനുമായി മക്കെന്റോ ഉടക്കുന്നത്. ഇതോടെ കളിയിലെ ശ്രദ്ധ പോയി. കാണികളും എതിരായി. ലെന്‍ഡല്‍ വര്‍ധിതവീര്യത്തോടെ തിരിച്ചടിച്ചതോടെ അടുത്ത മൂന്ന് സെറ്റും കിരീടവും ലെന്‍ഡലിനായി. അതുവരെ മക്കെന്റോയുടെയും കോണേഴ്സിന്റെയും നിഴലില്‍ കഴിഞ്ഞിരുന്ന ലെന്‍ഡലിന്റെ കരിയറിലെ ബ്രേക്കായിരുന്നു ആ ഫ്രഞ്ച് ഓപ്പണ്‍ കിരീടം. 

അദ്ദേഹത്തിന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം. മക്കെന്റോയാകട്ടെ ഇന്നും അന്നത്തെ തോല്‍വിയില്‍നിന്നും മുക്തനുമായിട്ടില്ല ('കോര്‍ട്ടില്‍ മക്കെന്റോയുടെ എതിരാളി ഒന്നുകില്‍ അമ്പയറായിരിക്കും. അല്ലെങ്കില്‍ മക്കെന്റോതന്നെയായിരിക്കും. അതുമല്ലെങ്കില്‍ എതിര്‍ കളിക്കാരനൊഴിച്ചുള്ള സ്റ്റേഡിയത്തിലുള്ള ആരെങ്കിലുമായിരിക്കും' ജോണി മാക്കിനെക്കുറിച്ചുള്ള ഏറ്റവും സത്യസന്ധമായ വിലയിരുത്തലാണിത്).

ആ സീസണിലെ മക്കെന്റോയുടെ പ്രകടനം കണ്ട ടെന്നീസ് പണ്ഡിതര്‍ അദ്ദേഹം ടെന്നീസ് ലോകം കണ്ട എക്കാലത്തെയും വലിയ താരമാകാനുള്ള പാതയിലാണെന്ന് വിലയിരുത്തി. പക്ഷേ, കാലം ജോണി മാക്കിനായി കരുതിവെച്ചിരുന്നത് മറ്റൊന്നാണ്. സ്വയം വരുത്തിവെച്ച വിനകളും എതിരാളികളുടെ കുതിപ്പും മക്കെന്റോയെ പിന്നോട്ടടിച്ചു. കോര്‍ട്ടിലെ ചൂടന്‍സ്വഭാവത്തിന് പലപ്പോഴും അദ്ദേഹം സസ്പെന്‍ഷനിലായി. ഫിറ്റ്നസിന്റെ കരുത്തില്‍ ലെന്‍ഡലും പുതിയ പ്രതിഭയായി ബോറിസ് ബെക്കറുമൊക്കെ ഉദയംചെയ്തപ്പോള്‍ ആവനാഴിയില്‍ പുതിയ അസ്ത്രങ്ങള്‍ കണ്ടെത്താനാകാതെ മക്കെന്റോ മങ്ങി. നടി ടാറ്റും ഒനീലുമായുണ്ടായ വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളും തിരിച്ചടിയായി. 1994-ല്‍ മക്കെന്റോയുടെ പ്രൊഫഷണല്‍ സിംഗിള്‍സ് കരിയറിന് തിരശ്ശീല വീണു.
 
ടീം മാന്‍

ടെന്നീസ് ഒരു വ്യക്തിഗത ഗെയിമാണ്. പക്ഷേ, ടെന്നീസ് കണ്ട എക്കാലത്തെയും മികച്ച ടീം മാനെന്ന വിശേഷണം മക്കെന്റോയ്ക്കുള്ളതാണ്. സിംഗിള്‍സിനൊപ്പം ഡബ്ള്‍സിലും ഒരേപോലെ മികവുതെളിയിക്കാന്‍ അദ്ദേഹത്തിനായി. ബോര്‍ഗും കോണേഴ്സും ലെന്‍ഡലുമൊന്നും ഡബ്ള്‍സ് മത്സരങ്ങള്‍ കളിക്കാന്‍ താത്പര്യപ്പെട്ടില്ല. അവിടെയാണ് മക്കെന്റോ വ്യത്യസ്തനാകുന്നത്. ടീമിന്റെ ഭാഗമാകാന്‍ അദ്ദേഹം എന്നും ഇഷ്ടപ്പെട്ടു. 

കൂട്ടുകാരന്‍ പീറ്റര്‍ ഫ്ളെമിങ്ങായിരുന്നു കൂടുതല്‍ കാലവും മക്കെന്റോയുടെ ഡബ്ള്‍സ് പങ്കാളി. ഒരിക്കല്‍ ഒരു സ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍ ഫ്ളെമിങ്ങിനോട് ചോദിച്ചു 'ലോകത്തെ ഏറ്റവും മികച്ച ഡബ്ള്‍സ് ജോഡി ആരാണ്? മക്കെന്റോയും കൂടെ ഏതെങ്കിലും ഒരു കളിക്കാരനും മതി. അവരായിരിക്കും ഏറ്റവും മികച്ച ജോഡി 'എന്നായിരുന്നു ഫ്ളെമിങ്ങിന്റെ ഉത്തരം. 

Life story of John McEnroe
മക്കെന്റോയുടെ മഹത്ത്വം വെളിപ്പെടുത്താനായിരിക്കും ഫ്ളെമിങ് ഇത് പറഞ്ഞത്. പക്ഷേ, ഇത് തനിക്ക് അപമാനകരവും വേദനാജനകവുമായി തോന്നിയെന്നാണ് മക്കെന്റോ ആത്മകഥയില്‍ പറയുന്നത്. 
ഡബ്ള്‍സ് വിജയങ്ങളെ തന്റെ മാത്രം കഴിവായി വിലയിരുത്തുന്നത് അദ്ദേഹം ഇഷ്ടപ്പെടുന്നില്ലെന്ന് വ്യക്തം. വിംബിള്‍ഡണില്‍ അഞ്ചും യു.എസ്. ഓപ്പണില്‍ നാലും ഡബ്ള്‍സ് കിരീടങ്ങള്‍ മക്കെന്റോ നേടി. ഇതിനൊപ്പം ടൂര്‍ ഫൈനല്‍സില്‍ ഏഴ് ഡബ്ള്‍സ് കിരീടങ്ങളും സ്വന്തം.

മക്കെന്റോയുടെ കാലത്ത് പല പ്രമുഖ താരങ്ങളും അമേരിക്കയ്ക്കായി ഡേവിസ് കപ്പ് കളിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ജിമ്മി കോണേഴ്സും വിറ്റാസ് ജറുലൈറ്റിസുമൊക്കെ ഇതില്‍പ്പെടും. ഒന്നാമത് ഡേവിസ് കപ്പില്‍ കളിച്ചാല്‍ വലിയ പൈസയൊന്നും കിട്ടില്ല. ആ സമയത്ത് പ്രദര്‍ശന ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍പോയാല്‍ കീശ നിറയെ കാശുവരും.

മക്കെന്റോ അവിടെയും വ്യത്യസ്തനായിരുന്നു. രാജ്യത്തിനുവേണ്ടി കളിക്കുന്നത് അദ്ദേഹത്തിന് ആവേശമായിരുന്നു. 19-ാം വയസ്സില്‍ 1978-ല്‍ മക്കെന്റോയെ ഡേവിസ് കപ്പ് ടീമിലെടുക്കുകവഴി ക്യാപ്റ്റന്‍ ടോണി ട്രാബെറ്റ് ഒരു ചൂതാട്ടംതന്നെ നടത്തി. ജോണി മാക് ക്യാപ്റ്റനെ നിരാശപ്പെടുത്തിയില്ല. ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം അമേരിക്കയെ ഡേവിസ് കപ്പില്‍ ചാമ്പ്യന്‍മാരാക്കുന്നതില്‍ ടീനേജുകാരന്‍ പയ്യന്‍ നിര്‍ണായക പങ്കുവഹിച്ചു.

മക്കെന്റോയും ഡേവിസ് കപ്പുമായുള്ള പ്രണയം തുടങ്ങുകയായി.  മക്കെന്റോ അഞ്ച് ഡേവിസ് കപ്പ് കിരീടങ്ങള്‍ അമേരിക്കയിലെത്തിച്ചു. ഇതില്‍ 1992- അവസാനം നേടിയ ഡേവിസ് കപ്പിനെക്കുറിച്ച് ഏറെ അഭിമാനത്തോടെയാണ് ആത്മകഥയില്‍ വിവരിക്കുന്നത്. ആന്ദ്രേ ആഗസിയും ജിം കുറിയറും പീറ്റ് സാംപ്രസും മക്കെന്റോയും അടങ്ങുന്ന അമേരിക്കന്‍ ടീം ഫൈനലില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. അമേരിക്കയ്ക്കുവേണ്ടി ഡബ്ള്‍സ് കളിച്ചത് മക്കെന്റോയും സാംപ്രസുമാണ്. 

മറുവശത്ത് സ്വിറ്റ്സര്‍ലന്‍ഡിനുവേണ്ടി എല്ലാ മത്സരങ്ങളും കളിച്ചത് മാര്‍ക്ക് റൊസെറ്റും ജേക്കബ് ലാസെക്കും. ഡബ്ള്‍സില്‍ ആദ്യ രണ്ട് സെറ്റും നഷ്ടമായ മക്കെന്റോ-സാംപ്രസ് സഖ്യം മൂന്നാംസെറ്റില്‍ തോല്‍വിയുടെ വക്കില്‍നിന്ന് മത്സരത്തിലേക്ക് തിരിച്ചുവന്നു. ആ സെറ്റും അടുത്ത രണ്ട് സെറ്റുകളും നേടി അമേരിക്കന്‍ സഖ്യം വിജയം പിടിച്ചെടുക്കുകയായിരുന്നു. ടീം വര്‍ക്കിന്റെ ആ വിജയത്തെക്കുറിച്ച് മക്കെന്റോ അഭിമാനത്തോടെ വിവരിക്കുന്നു. പിന്നീട് അമേരിക്കന്‍ ഡേവിസ് കപ്പ് ടീമിന്റെ ക്യാപ്റ്റനായും മക്കെന്റോ രാജ്യത്തോടുള്ള തന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റി.

നിലപാടുകളുടെ മനുഷ്യന്‍

ചൂടനെന്ന് വിലയിരുത്തപ്പെട്ടപ്പോഴും ഉള്ളില്‍ നന്മകള്‍ മാത്രമുള്ള വ്യക്തിയാണ് മക്കെന്റോയെന്ന് 'യു കനോട്ട് ബി സീരിയസ്' വായിക്കുമ്പോള്‍ മനസ്സിലാകും. കുട്ടിക്കാലത്ത് ബോള്‍ ബോയി ആയിരുന്നു അദ്ദേഹം. അന്ന് ചില വലിയ താരങ്ങള്‍ അദ്ദേഹത്തെ ഗൗനിച്ചില്ല. മക്കെന്റോ പ്രൊഫഷണലായപ്പോള്‍ ബോള്‍ ബോയിമാരോട് സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നത്.

കരിയറില്‍ പ്രശസ്തിയിലേക്കുയര്‍ന്നപ്പോള്‍ മക്കെന്റോയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ പ്രദര്‍ശനമത്സരം കളിക്കാന്‍ വന്‍ തുക വാഗ്ദാനം ലഭിച്ചതാണ്. അന്ന് വര്‍ണവിവേചനം കാരണം ദക്ഷിണാഫ്രിക്ക കായികലോകത്ത് ഒറ്റപ്പെട്ടിരുന്ന സമയമാണ്. എത്ര തുക ലഭിച്ചാലും ദക്ഷിണാഫ്രിക്കയിലേക്കില്ലെന്ന് മക്കെന്റോ വ്യക്തമാക്കി. കായികലോകം കയ്യടിയോടെയാണ് ആ തീരുമാനം സ്വാഗതംചെയ്തത്.

ഒരിക്കല്‍ ഡേവിസ് കപ്പിനായി അമേരിക്കന്‍ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയില്‍ പോയപ്പോഴാണ് തന്റെ അന്നത്തെ തീരുമാനത്തിന്റെ വില എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലായത്. 

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റും ഇതിഹാസപുരുഷനുമായ നെല്‍സണ്‍ മണ്ടേല പേരെടുത്തുവിളിച്ചാണ് മക്കെന്റോയോടുള്ള സ്‌നേഹം വെളിപ്പെടുത്തിയത് (മക്കെന്റോ ദക്ഷിണാഫ്രിക്കയില്‍ കളിക്കാനുള്ള ഓഫര്‍ നിരസിക്കുമ്പോള്‍ മണ്ടേല ജയിലിലായിരുന്നു).

Life story of John McEnroe
പുതിയ ലക്കം സ്‌പോര്‍ട്‌സ് മാസിക വാങ്ങിക്കാം...

ജയിലില്‍ കിടക്കുമ്പോള്‍ മക്കെന്റോയുടെ വിംബിള്‍ഡണ്‍ മത്സരം കണ്ട കാര്യം മണ്ടേല അനുസ്മരിച്ചപ്പോള്‍ താന്‍ സ്തബ്ധനായിപ്പോയെന്ന് അദ്ദേഹം ആത്മകഥയില്‍ പറയുന്നു. ഹോളിവുഡ് നടി ടാറ്റും ഒനീലുമായുള്ള വിവാഹബന്ധം തകര്‍ന്നതിനെക്കുറിച്ച് ' യു കനോട്ട് ബി  സീരിയസി'ല്‍ എഴുതിയത് വായിച്ചാല്‍ ആ മനുഷ്യന്റെ ആത്മാര്‍ത്ഥത മനസ്സിലാകും. 

ബന്ധത്തിന്റെ തകര്‍ച്ചയില്‍ അദ്ദേഹം ഒരിക്കലും ടാറ്റുമിനെ കുറ്റപ്പെടുത്തുന്നില്ല. രണ്ടുപേരും പ്രതിഭകള്‍. 'പേപ്പര്‍ മൂണി'ലെ അഭിനയത്തിന് പത്താംവയസ്സില്‍ മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ നേടിയ താരമാണ് ടാറ്റും. പ്രമുഖ നടന്‍ ബ്രയാന്‍ ഒനീലിന്റെ മകള്‍ (ബ്രയാനും ടാറ്റുമുമാണ് പേപ്പര്‍ മൂണിലെയും മുഖ്യകഥാപാത്രങ്ങള്‍). ടാറ്റുമിന്റെ മാതാപിതാക്കള്‍ പിരിഞ്ഞുകഴിയുന്നവരാണ്. അതിന്റെ പ്രശ്‌നങ്ങള്‍ ടാറ്റുമിനുണ്ടായിരുന്നു. മക്കെന്റോയും ടാറ്റുമും വിവാഹിതരായപ്പോള്‍ 'ബ്രാറ്റ് വെഡ്സ് ബ്രാറ്റ് '(വികൃതികള്‍ വിവാഹിതരാകുന്നു) എന്നായിരുന്നു പത്രങ്ങളുടെ തലക്കെട്ട്. വൈകാതെ ഇരുവരുടെയും ജീവിതം താളംതെറ്റി. അതില്‍ രണ്ടുപേരുടെയും കുഴപ്പങ്ങളുണ്ടെന്ന് (നിസ്സഹായതയുണ്ടെന്ന്) മക്കെന്റോ ആത്മകഥയില്‍ വിവരിക്കുന്നു. രണ്ട് കരിയറിസ്റ്റുകള്‍ ഒരുമിച്ചുചേരുമ്പോഴുള്ള പ്രശ്‌നങ്ങളുമുണ്ടായി. 

പാപ്പരാസിമാര്‍ (പ്രശസ്ത വ്യക്തികളുടെ ഫോട്ടോകള്‍ അവിചാരിത സന്ദര്‍ഭങ്ങളില്‍ എടുക്കാനായി അവരെ  പിന്തുടരുന്ന ഫോട്ടോഗ്രാഫര്‍മാര്‍) അദ്ദേഹത്തെ എത്രത്തോളം ഉപദ്രവിച്ചെന്നും ആത്മകഥയില്‍ അദ്ദേഹം വിവരിക്കുന്നു. ടാറ്റുമുമായുള്ള വിവാഹശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനായി എത്തിയപ്പോള്‍ ഒരു  പാപ്പരാസി മക്കെന്റോ താമസിക്കുന്ന ഹോട്ടലിന്റെ വാതിലില്‍ തട്ടുന്നു. വാതില്‍ തുറന്ന മക്കെന്റോ അയാളോട് ക്ഷോഭിക്കുന്നു.  

അപ്പോഴാണ് സ്റ്റെയര്‍ കേസിന്റെ സൈഡില്‍ നിന്ന്  മറ്റൊരു പാപ്പരാസി ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തുന്നത് മക്കെന്റോയുടെ ശ്രദ്ധയില്‍പ്പെട്ടത്. പിറ്റേദിവസം ക്ഷോഭിക്കുന്ന ടെന്നീസ് ഹീറോയുടെ ചിത്രം പത്രത്തില്‍ അടിച്ചുവന്നു. ഒരാളെ മനപ്പൂര്‍വം കുരുക്കിട്ടു പിടിക്കുന്ന സ്ഥിതി.

ബഹുമുഖ പ്രതിഭ

വിരമിച്ചുകഴിയുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ ഉഴലുന്നവരാണ് പല പ്രശസ്ത കായികതാരങ്ങളും. ചിലരൊക്കെ കമന്റേറ്റര്‍മാരും കോളമെഴുത്തുകാരുമൊക്കെയായി കരിയര്‍ കണ്ടെത്തും. ചിലര്‍ക്ക് പ്രശസ്തിയുടെ ഓര്‍മകളില്‍ ഒതുങ്ങാനായിരിക്കും വിധി. അവിടെയും മക്കെന്റോ വ്യത്യസ്തനായി. 
ലോകത്തെ ഏറ്റവും മികച്ച ടെന്നീസ് താരമാകാനായില്ലെങ്കിലും ഏറ്റവും മികച്ച ടെന്നീസ് കമന്റേറ്റര്‍മാരിലൊരാളാകാന്‍ അദ്ദേഹത്തിനായി. സംഗീതരംഗത്തും കലാരംഗത്തുമൊക്കെ വ്യക്തിത്വം അടയാളപ്പെടുത്തി.

 സ്വന്തമായി സംഗീതട്രൂപ്പ് ഉണ്ടാക്കി. അതില്‍ പാടി. ഗിറ്റാര്‍ വായിച്ചു. 
മക്കെന്റോയ്ക്ക് അമൂല്യമായ കലാസൃഷ്ടികളുടെ ശേഖരം സ്വന്തമായുണ്ട്. വെറ്ററന്‍ ടെന്നീസ് താരങ്ങളുടെ ടൂറിലും അദ്ദേഹം സജീവമാണ്. രണ്ട് ആത്മകഥകളും അദ്ദേഹം എഴുതി. യു കനോട്ട് ബി സീരിയസ് (2002), ബട്ട് സീരിയസ്ലി (2017) എന്നിവ. രണ്ടും ഏറെ വിറ്റഴിക്കപ്പെട്ടു. ആത്മാര്‍ഥമായ തുറന്നുപറച്ചിലാണ് പുസ്തകങ്ങളെ ശ്രദ്ധേയമാക്കുന്നത്. 1994-ല്‍ മക്കെന്റോയും ടാറ്റും ഒനീലും വിവാഹമോചിതരായി. അവര്‍ക്ക് മൂന്ന് കുട്ടികള്‍. 1997-ല്‍ മക്കെന്റോ പോപ് ഗായിക പാറ്റി സ്മിത്തിനെ  
വിവാഹംകഴിച്ചു. പാറ്റിയുടെതും രണ്ടാംവിവാഹമായിരുന്നു. ഇരുവര്‍ക്കും രണ്ട് പെണ്‍കുട്ടികളുണ്ട്. തന്റെ രണ്ട് പുസ്തകങ്ങളും മക്കെന്റോ, പാറ്റിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. 

ടെന്നീസില്‍ മാത്രമല്ല കായികലോകത്ത് പല താരങ്ങളും വരുകയും പോകുകയും ചെയ്യും. എന്നാല്‍ ജോണി മാക്കിന് പകരംവയ്ക്കാന്‍ അദ്ദേഹം മാത്രമേ കാണൂ. വെറുതേയല്ല പഴയകാല ടെന്നീസ്പ്രേമികള്‍, 'ജോണീ, നിങ്ങളൊക്കെ പോയതോടെ ടെന്നീസിന്റെ സൗന്ദര്യം നഷ്ടമായി' എന്ന് വിലപിക്കുന്നത്.

Content Highlights: Life story of John McEnroe