ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പെയ്‌സിന് മുന്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നഡാലിന്റെ പ്രശംസ. '' ലോകത്തെ ഏറ്റവും മികച്ച കായിക താരങ്ങളില്‍ ഒരാളായാണ് പെയ്‌സിനെ ചരിത്രം രേഖപ്പെടുത്തുക. ഡബിള്‍സിലെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് പെയ്‌സ്''. നഡാല്‍ വ്യക്തമാക്കി.
''ഡേവിസ് കപ്പ് ഡബിള്‍സില്‍ പെയ്‌സിനെതിരെ ഇന്ത്യയില്‍ കളിക്കാനായത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഈ രാത്രി ജീവിതത്തില്‍ ഒരിക്കലും മറക്കാനാകില്ല. പെയ്‌സ് നന്നായി തന്നെ കളിച്ചു.'' ഡേവിസ് കപ്പ് ഡബിള്‍സില്‍ പെയ്‌സ്-സകേത് മയ്‌നേനി സഖ്യവുമായുള്ള മത്സരശേഷം പ്രതികരിക്കുകയായിരുന്നു നഡാല്‍.
മത്സരത്തില്‍ ഇന്ത്യന്‍ സഖ്യത്തെ തോല്‍പ്പിച്ച് നഡാല്‍-മാര്‍ക്ക് ലോപ്പസ് സഖ്യം സ്‌പെയ്‌നിന് വീണ്ടും ലോകഗ്രൂപ്പില്‍ ഇടം നേടിക്കൊടുത്തു. ആദ്യ സെറ്റ് നേടിയ ശേഷമാണ് പെയ്‌സ്-മയ്‌നേനി സഖ്യം പരാജയപ്പെട്ടത്. ഇന്ത്യക്കെതിരായ മത്സരം കടുത്തതായിരുന്നുവെന്നും ലോക ഗ്രൂപ്പില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും നഡാല്‍ പറഞ്ഞു.
ഇന്ത്യയില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാത്തത് കൊണ്ടു തന്നെ ഇവിടെ കളിക്കുന്നത് വളരെ പ്രത്യേകതയുള്ളതാണെന്നും ടെന്നീസിനോട് അഭിനിവേശമുള്ളവരാണ് ഇന്ത്യയിലെ ആരാധകരെന്നും നഡാല്‍ പറഞ്ഞു.
ഇന്ത്യയില്‍ പ്രീമിയര്‍ ലീഗ് ടെന്നീസില്‍ കളിക്കുന്ന കാര്യം വ്യക്തമാക്കിയ നഡാല്‍ ഇന്ത്യക്ക് വേണ്ടിയാകുമോ കോര്‍ട്ടിലിറങ്ങുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും പറഞ്ഞു.
#INDESP @Leander gets a loud cheer from the crowd whenever he wins a point! #idol #legend pic.twitter.com/ju4HLFOFtJ
— Davis Cup (@DavisCup) September 17, 2016