ന്യൂഡല്‍ഹി: ഡേവിസ് കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് വെറ്ററന്‍ താരം ലിയാന്‍ഡര്‍ പേസിനെ ഒഴിവാക്കി. ഡേവിസ് കപ്പ് ടെന്നീസില്‍ ഏഷ്യ ഓഷ്യാനിയ മേഖലയിലെ രണ്ടാം റൗണ്ടില്‍ ഇന്ത്യ-ഉസ്ബെക്കിസ്ഥാന്‍ മത്സരം വെള്ളിയാഴ്ച തുടങ്ങാനിരിക്കേയാണ് പേസിനെ ഒഴിവാക്കിയത്. ബെംഗളൂരുവിലാണ് മത്സരം. ഡബിള്‍സ് മത്സരങ്ങള്‍ക്കായി ഇന്ത്യയുടെ നോണ്‍പ്ലേയിങ് ക്യാപ്റ്റനായ മഹേഷ് ഭൂപതി, പേസിനു പകരം രോഹന്‍ ബൊപ്പണ്ണയെ ഡബിള്‍സ് മത്സരങ്ങള്‍ക്കായി തിരഞ്ഞെടുത്തു.
ബൊപ്പണ്ണ- ശ്രീറാം ബാലാജി സഖ്യമായിരിക്കും ഡബിള്‍സില്‍ ഇന്ത്യയ്ക്കുവേണ്ടി ഇറങ്ങുക. ഉസബെക്കിസ്താന്റെ ഫരൂഖ് ദസ്തോവ്-സഞ്ജര്‍ ഫൈസീവ് സഖ്യത്തെയാണ് ഇവര്‍ നേരിടുക. രാംകുമാര്‍ രാമനാഥന്‍, പ്രജ്ഞേഷ് ഗുണേശ്വരന്‍ എന്നിവരായിരിക്കും സിംഗിള്‍സില്‍ ഇന്ത്യയ്ക്കുവേണ്ടി മത്സരിക്കുക. യൂകി ഭാംബ്രി പരിക്കുകാരണം ടൂര്‍ണമെന്റില്‍നിന്ന് പിന്മാറിയിരുന്നു.
ഡേവിസ് കപ്പില്‍ 1990-ല്‍ അരങ്ങേറ്റം കുറിച്ച ലിയാന്‍ഡര്‍ പേസ് ഫോമില്ലാത്തതിനാല്‍ ടീമില്‍നിന്ന് ഒഴിവാക്കപ്പെടുന്നത് ഇതാദ്യമാണ്. ഡേവിസ് കപ്പില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ എന്ന റെക്കോഡിന് സമീപത്തുനില്‍ക്കേയാണ് പേസ് ടീമില്‍നിന്ന് ഒഴിവാക്കപ്പെടുന്നത്.