ടുവില്‍ ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസ് തന്റെ വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. മൂന്നു പതിറ്റാണ്ടോളം നീണ്ട തിളക്കമേറിയ കരിയര്‍ ജീവിതത്തിനാണ് അദ്ദേഹം അടുത്തവര്‍ഷം വിരാമം കുറിക്കുന്നത്. ഒളിമ്പിക് മെഡലടക്കം ആകെ 66 കിരീട നേട്ടങ്ങള്‍ സ്വന്തമാക്കിയ ലിയാണ്ടര്‍ പേസ് ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും ലോകം കണ്ട എക്കാലത്തെയും മികച്ച ടെന്നീസ് താരങ്ങളിലൊരാളാണ്. 

കായികതാരങ്ങളായ വെസേ പേസിന്റെയും ജെന്നിഫര്‍ പേസിന്റെയും മകനായി 1973 ജൂണ്‍ 17 ന് കൊല്‍ക്കത്തയിലായിരുന്നു ലിയാണ്ടര്‍ പേസിന്റെ ജനനം. പിതാവ് വെസേ 1972 മ്യൂണിച്ച് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഹോക്കി ടീമില്‍ അംഗമായിരുന്നു. മാതാവ് ജെന്നിഫര്‍ പേസ് ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ താരവും. 

ലാ മാര്‍ട്ടിനെയിര്‍, മദ്രാസ് ക്രിസ്ത്യന്‍ കോളേജ് സ്‌കൂള്‍, സെന്റ് സേവ്യേഴ്‌സ് കോളേജ് കൊല്‍ക്കത്ത എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.  

1985 ല്‍ ചെന്നൈയിലെ ബ്രിട്ടാനിയ അമൃതരാജ് ടെന്നീസ് അക്കാദമിയില്‍ പരിശീലനത്തിന് ചേര്‍ന്നതായിരുന്നു പേസിന്റെ ജീവിതത്തിലെ വഴിത്തിരിവ്. 1990 ല്‍ ജൂനിയര്‍ വിംബിള്‍ഡണ്‍ കിരീടം നേടി വരവറിയിച്ച ലിയാണ്ടര്‍ പേസ് ജൂനിയര്‍ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനവും അലങ്കരിച്ചിരുന്നു. 1992 ലെ ബാര്‍സിലോന ഒളിമ്പിക്‌സില്‍ ഡബിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് ചില്ലറക്കാരനല്ലെന്ന് വീണ്ടും തെളിയിച്ചു. രമേശ് കൃഷ്ണനായിരുന്നു അന്ന് ഡബിള്‍സില്‍ പേസിന്റെ പാര്‍ട്ണര്‍. 

1996 അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയതോടെ പേസ് ഇന്ത്യയുടെയും ലോകത്തിന്റെയും ടെന്നീസ് ഭൂപടത്തില്‍ തന്റെ പേര് ഉറപ്പിച്ചു. ആകെ ഏഴ് ഒളിമ്പിക്‌സുകളിലാണ് ലിയാണ്ടര്‍ പേസ് റാക്കറ്റുമായി കളത്തിലിറങ്ങിയത്. ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ തവണ കളിച്ച ഇന്ത്യന്‍ ടെന്നീസ് താരമെന്ന റെക്കോഡും അദ്ദേഹത്തിനാണ്. 

ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലുമാണ് കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ അടക്കം മിക്‌സഡ് ഡബിള്‍സില്‍ പത്ത് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടി. ഡബിള്‍സില്‍ എട്ട് ഗ്രാന്‍സ്ലാം കിരീടനേട്ടങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ആകെ 54 കിരീടങ്ങളാണ് ഡബിള്‍സില്‍ പേസ് കരസ്ഥമാക്കിയത്. 1999 ജൂണില്‍ ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. 

ഡബിള്‍സില്‍ ഒരുകാലത്ത് ഇന്ത്യയുടെ രോമാഞ്ചമായിരുന്നു പേസ്-ഭൂപതി സഖ്യം. ടെന്നീസ് കോര്‍ട്ടിലെ ഇന്ത്യന്‍ എക്‌സ്പ്രസ് എന്നായിരുന്നു പേസ്-ഭൂപതി സഖ്യത്തെ വിശേഷിപ്പിച്ചിരുന്നത്.  മഹേഷ് ഭൂപതിയും ലിയാണ്ടര്‍ പേസും 1999 ല്‍ രണ്ട് ഗ്രാന്‍സ്ലാം കിരീടങ്ങളിലാണ് മുത്തമിട്ടത്. 2002, 2006 ഏഷ്യന്‍ ഗെയിംസില്‍ ഇരുവരും സ്വര്‍ണ മെഡല്‍ നേടി. ഇടക്കാലത്ത് ഇരുവരും പിരിഞ്ഞതും വാര്‍ത്തകളിലിടം നേടിയിരുന്നു. 

ടെന്നീസ് കോര്‍ട്ടിലെ ബെസ്റ്റ് വോളിയേര്‍മാരില്‍ ഒരാളായിരുന്നു പേസ്. മുന്‍ ഇന്ത്യന്‍ താരം അക്തര്‍ അലിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു പേസിന്റെ വോളികള്‍. ഡബിള്‍സില്‍ ആകെ 130 പേരും മിക്‌സഡ് ഡബിള്‍സില്‍ 25 വനിതാ താരങ്ങളും പേസിനൊപ്പം കളിക്കാനിറങ്ങി. ഡേവിസ് കപ്പ് ഡബിള്‍സില്‍ ഏറ്റവുമധികം വിജയം ചൂടിയ താരമെന്ന റെക്കോഡും പേസിന് സ്വന്തമാണ്. 

ഹരിയാണയുടെ സ്‌പോര്‍ട്‌സ് അംബാസഡറായ ലിയാണ്ടര്‍ പേസ് 2010 ല്‍ പ്രകാശ് പദുക്കോണും ഗീത് സേതിയും ചേര്‍ന്ന് ആരംഭിച്ച ഒളിമ്പിക് ഗോള്‍ഡ് ക്വസ്റ്റ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായി ചേര്‍ന്നു. 

1990 ല്‍ അര്‍ജുന അവാര്‍ഡ്, 1996 ല്‍ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം, 2001 ല്‍ പദ്മശ്രീ, 2014 ല്‍ പദ്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 

മോഡലായ റിഹാ പിള്ളയായിരുന്നു പേസിന്റെ ജീവിതപങ്കാളി. അയാനയാണ് മകള്‍. ടെന്നീസ് കോര്‍ട്ടുകളിലെ വോളികളിലൂടെ മനസുകളിലിടം നേടിയ പേസ് 2013 ല്‍ രാജധാനി എക്‌സ്പ്രസ് എന്ന ഹിന്ദി ചലച്ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

Content Highlights: leander paes announced his retirement, a look to his career and tennis life