പാരിസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ചൂടി ചെക്ക് റിപ്പബ്ലിക്ക് താരം ബാർബറ ക്രെജിക്കോവ. ഫൈനലിൽ റഷ്യയുടെ അനസ്താസിയ പവ്ലുചെങ്കോവ ഉയർത്തിയ വെല്ലുവിളി അതിജീവിച്ചാണ് ചെക്ക് താരത്തിന്റെ ആദ്യ ഗ്രാൻസ്ലാം സിംഗിൾസ് കിരീടനേട്ടം.

ഇതോടെ 40 വർഷത്തിന് ശേഷം റോളണ്ട് ഗാരോസിൽ കിരീടം നേടുന്ന ചെക്ക് വനിതാ താരം എന്ന ചരിത്രനേട്ടവും ക്രെജിക്കോവയ്ക്ക് സ്വന്തമായി. ഇതിന് മുമ്പ് 1981-ൽ ഹന മന്ദ്ലികോവയാണ് ഫ്രഞ്ച് ഓപ്പണിൽ കിരീടം നേടിയ ചെക്ക് വനിതാ താരം. അന്ന് ചെക്കോസ്ലോവാക്യയെയാണ് ഹന മന്ദ്ലികോവ പ്രതിനിധീകരിച്ചത്.

സീഡില്ലാ താരമായ ക്രെജിക്കോവ 31-ാം സീഡുകാരിയായ പവ്ലുചെങ്കോവയ്ക്കെതിരേ മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. ആദ്യ സെറ്റ് ചെക്ക് താരം അനായാസം നേടി. എന്നാൽ രണ്ടാം സെറ്റിൽ തിരിച്ചടി നേരിട്ടു. നിർണായകമായ മൂന്നാം സെറ്റിൽ പവ്ലുചെങ്കോവയെ തുരത്തി ചരിത്രത്തിലേക്ക് ക്രെജിക്കോവ റാക്കറ്റ് വീശി. സ്കോർ: 6-1,2-6,6-4.

Content Highlights: Krejcikova beats Pavlyuchenkova to win maiden singles Slam title French Open 2021