ബ്രസല്‍സ്: മകള്‍ ജേഡയ്ക്ക് പ്രായം 11. ആണ്‍മക്കളായ ജാക്കിന് ആറും ബ്ലേക്കിന് മൂന്നും വയസ്സ്. 36-ാം വയസ്സില്‍ ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ കിം ക്ലൈസ്റ്റേഴ്സ് പറയുന്നു - ''പഴയതുപോലെ ഓടിനടന്ന് കളിക്കാനൊന്നും പറ്റില്ല. സെലക്ടീവ് ആയിരിക്കും. കുട്ടികളുടെ കാര്യം നോക്കണ്ടേ''.

നാല് സിംഗിള്‍സ് ഉള്‍പ്പെടെ ആറ് ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ക്കുടമയാണ് ബെല്‍ജിയത്തിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ക്ലൈസ്റ്റേഴ്സ്. 2012 ല്‍ അവര്‍ ടെന്നീസില്‍നിന്ന് വിരമിച്ചു. അമേരിക്കന്‍ ബാസ്‌കറ്റ്ബോള്‍ കോച്ചും മുന്‍ താരവുമായ ബ്രയന്‍ ലിഞ്ചിനെ വിവാഹം കഴിച്ചു. മക്കള്‍ മൂന്നായി. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അവര്‍ കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയാണ്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനായിരുന്നു താത്പര്യമെങ്കിലും പരിക്കുമൂലം തിരിച്ചുവരവ് വൈകും. പിന്നീട് നടക്കുന്ന പല ടൂര്‍ണമെന്റുകളിലും അവര്‍ക്ക് വൈല്‍ഡ് കാര്‍ഡ് ലഭിച്ചിട്ടുണ്ട്.

''മക്കളുടെ സ്‌കൂളിലെ കാര്യങ്ങള്‍, പരീക്ഷ, ആരോഗ്യം തുടങ്ങിയവ ആശ്രയിച്ചായിരിക്കും ഞാന്‍ ടൂര്‍ണമെന്റുകള്‍ തിരഞ്ഞെടുക്കുക. എല്ലാ ടൂര്‍ണമെന്റുകള്‍ക്കും അവരെ കൊണ്ടുപോകാന്‍ എനിക്കാവില്ല. വരുന്നതുപോലെ വരട്ടെ'' - ക്ലൈസ്റ്റേഴ്സ് നയം വ്യക്തമാക്കുന്നു.

Content Highlights: Kids first, tournaments second, says Kim Clijsters