ലണ്ടന്‍: റാഫേല്‍ നദാലും റോജര്‍ ഫെഡററും ടെന്നീസ് കോര്‍ട്ടില്‍ മുഖാമുഖം വരുമ്പോള്‍ ആരാധകര്‍ക്ക് നെഞ്ചിടിപ്പിന്റെ നിമിഷങ്ങളാണ്. കായിക ലോകത്തെ ക്ലാസിക് പോരാട്ടങ്ങളിലൊന്നാണിത്. ഈ വിംബിള്‍ഡണ്‍ സെമിഫൈനലിലും കായികപ്രേമികള്‍ ആ ക്ലാസിക് പോരാട്ടത്തിന് സാക്ഷിയായി.

ലണ്ടനിലെ സെന്റര്‍ കോര്‍ട്ടില്‍ 15,000-ത്തോളം കാണികളാണ് ഈ മത്സരം നേരില്‍ കണ്ടത്. ഓരോ സെര്‍വിലും ഓരോ ഫോര്‍ ഹാന്‍ഡിലും കാണികള്‍ ആവേശത്തിലായി. 11 വര്‍ഷത്തിന് ശേഷം നദാലും ഫെഡററും വിംബിള്‍ഡണില്‍ മുഖാമുഖം വന്നത് അവര്‍ നന്നായി ആഘോഷിച്ചു. എന്നാല്‍ ഈ പതിനയ്യായിരത്തോളം കൈയടികള്‍ക്കിടയില്‍ ഇതൊന്നും ശ്രദ്ധിക്കാതെ ഒരു കൊച്ചു പയ്യന്‍ ഇരിക്കുന്നുണ്ടായിരുന്നു. പൂക്കളുടെ പ്രിന്റുള്ള ഒരു നീലയും പിങ്കും ഷര്‍ട്ട് ധരിച്ച ഒരു കണ്ണടക്കാരന്‍ പയ്യന്‍. 

കോര്‍ട്ടില്‍ തീപാറും പോരാട്ടം നടക്കുമ്പോള്‍ അതൊന്നും ശ്രദ്ധിക്കാതെ അവന്‍ എന്താണ് ചെയ്തിരുന്നതെന്ന് അറിയാമോ? വീട്ടില്‍ നിന്ന വരുമ്പോള്‍ കൈയില്‍ കരുതിയ പുസ്തകം വായിക്കുന്ന തിരക്കിലായിരുന്നു അവന്‍. ഫോട്ടോഗ്രാഫര്‍ അവന്റെ ചിത്രം ഒപ്പിയെടുത്തതിന് പിന്നാലെ സോഷ്യല്‍ മീഡയക്ക് ചര്‍ച്ചക്കുള്ള ഒരു വിഷയം കിട്ടി. നിമിഷനേരെ കൊണ്ട് അവന്‍ ട്രെന്‍ഡിങ്ങിലെത്തി.

ഇത്രയും ബഹളത്തിനിടയ്ക്ക് അവന്‍ ശ്രദ്ധയോടെ പുസ്തകം വായിക്കുന്നത് എങ്ങനെയാണെന്ന് ആയിരുന്നു ചിലരുടെ ചോദ്യം. ലോകത്ത് ഏറ്റവും മനോഹരമായി എഴുതപ്പെട്ട പുസ്തകമായിരിക്കും അതെന്ന് മറ്റു ചിലര്‍ പറയുന്നു. ടിക്കറ്റ് ഇങ്ങനെ കളയുന്നത് എന്തിനാണെന്നും വീട്ടിലിരുന്ന് പുസ്തകം വായിച്ചുകൂടെ എന്നും ചില ആരാധകര്‍ ചോദിക്കുന്നു.

 

Content Highlights: Kid reading book during Roger Federer vs Rafael Nadal match